ന്യൂറോ ടെക്‌നോളജിയിൽ വിപ്ലവം സൃഷ്ടിക്കുന്ന പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം മുന്നോട്ട്. ഒരു അരിമണിയേക്കാൾ ചെറുതായ ബ്രെയിൻ ഇംപ്ലാൻറ് ചിപ്പ് ഗവേഷകർ സൃഷ്ടിച്ചു. മനുഷ്യന്റെ തലച്ചോറിൽ സ്ഥാപിക്കാവുന്ന ഈ ഉപകരണം വൈദ്യുത സിഗ്നലുകൾ വായിച്ച് ഇൻഫ്രാറെഡ് പ്രകാശത്തിലൂടെ പുറത്തേക്ക് അയയ്ക്കും.
മൈക്രോസ്കെയിൽ ഒപ്റ്റോ ഇലക്‌ട്രോണിക്‌സ് ടെതർലെസ് ഇലക്‌ട്രോഡ് (MOTE) എന്നാണു ഈ ചിപ്പിന്റെ പേര്. ഇതുവരെ നിർമ്മിച്ചവയിൽ വച്ച് ഏറ്റവും ചെറിയ വയർലെസ് ബ്രെയിൻ ഇംപ്ലാൻറ് ഇതാണ്. കോർണൽ സർവകലാശാലയിലെ ഗവേഷകനായ അലിയോഷ മോൾനാർ ആണ് ഈ ടീമിനെ നയിച്ചത്.മനുഷ്യ മുടിയോളം നേർത്ത ഈ ചിപ്പിന് ഏകദേശം 300 മൈക്രോൺ നീളവും 70 മൈക്രോൺ വീതിയും മാത്രമേയുള്ളു.
അലൂമിനിയം ഗാലിയം ആർസെനൈഡ് എന്ന വസ്തുവാണ് നിർമ്മാണത്തിനായി ഉപയോഗിച്ചത്. പ്രകാശ പൾസുകൾ വഴി ഡാറ്റ കൈമാറ്റം ചെയ്യുന്നതിനൊപ്പം അതിൽ നിന്നു തന്നെ ഊർജവും സ്വീകരിക്കുന്നു.ആദ്യ പരീക്ഷണങ്ങൾ ലാബിലെ കോശങ്ങളിൽ നടത്തി. പിന്നീട് എലികളുടെ തലച്ചോറിൽ ഘടിപ്പിച്ചപ്പോൾ, ഒരു വർഷത്തിലധികമായി ചിപ്പ് കൃത്യമായി സിഗ്നലുകൾ രേഖപ്പെടുത്തിയതായും എലികൾ ആരോഗ്യവാന്മാരായി തുടർന്നതായും ശാസ്ത്രജ്ഞർ വ്യക്തമാക്കി.
നിലവിലുള്ള ചിപ്പുകൾക്കുള്ള പോലെ വയറുകളോ അപകട സാധ്യതകളോ ഇല്ല. MRI പരിശോധനകൾക്കും സുരക്ഷിതമാണ്. അതിനാൽ ഭാവിയിൽ തലച്ചോറിനോടൊപ്പം നാഡീവ്യവസ്ഥയുടെയും ശരീരത്തിലെ മറ്റു സങ്കീർണ്ണ ഭാഗങ്ങളുടെയും പ്രവർത്തനം നിരീക്ഷിക്കാനായി ഇത് ഉപയോഗിക്കാനാകുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു.
സിന്തറ്റിക് തലയോട്ടി പ്ലേറ്റുകൾ ഘടിപ്പിക്കുന്നതിനോ മറ്റ് കലകളിൽ നിന്നുള്ള സിഗ്നലുകൾ റെക്കോർഡുചെയ്യുന്നതിനോ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാം. ഭാവിയിൽ ശരീരത്തിനുള്ളിൽ ദീർഘനേരം നിലനിൽക്കാനും തലച്ചോറിന്‍റെയും നാഡീവ്യവസ്ഥയുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും കഴിയുന്ന ചെറിയ വയർലെസ് ഉപകരണങ്ങള്‍ സൃഷ്‌ടിക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
Scientists create brain implant smaller than a grain of rice











