
സ്വയം മുറിവുണക്കാന്‍ മനുഷ്യചര്‍മത്തിനുള്ള ശേഷിയ്ക്ക് സമാനമായി പ്രവര്‍ത്തിക്കുന്ന ഹൈഡ്രോജെല്‍ (hydrogel)വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍. നാല് മണിക്കൂറിനുള്ളില്‍ മുറിവിന്റെ തൊണ്ണൂറ് ശതമാനത്തോളവും 24 മണിക്കൂറിനുള്ളില്‍ പൂര്‍ണമായും സുഖപ്പെടുത്താന്‍ ഈ നൂതനപദാര്‍ഥത്തിന് സാധിക്കും. പരിക്കുകളുടെ പരിചരണം, റീജനറേറ്റീവ് മെഡിസിന്‍ , കൃത്രിമചര്‍മ സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ ഈ ഹൈഡ്രോജെല്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ഫിന്‍ലന്‍ഡിലെ ആള്‍ട്ടോ യൂണിവേഴ്‌സിറ്റിയിലേയും യൂണിവേഴ്‌സിറ്റി ഓഫ് ബയ്‌റുത്തിലേയും ഗവേഷകരടങ്ങുന്ന സംയുക്തസംഘമാണ് ഹൈഡ്രോജെല്‍ വികസിപ്പിച്ചിരിക്കുന്നത്. വേഗത്തിലും ഫലപ്രദമായും സുഖപ്പെടുത്താനുള്ള ഈ പദാര്‍ഥത്തിന്റെ കഴിവ്, പൊള്ളലേറ്റവര്‍ക്കും ശസ്ത്രക്രിയാരോഗികള്‍ക്കും ഉണങ്ങാന്‍ താമസം നേരിടുന്ന മുറിവുകളുള്ളവര്‍ക്കും ത്വരിതഗതിയിലുള്ള സുഖപ്രാപ്തി നല്‍കാന്‍ ശേഷിയുള്ളതാണ്.
നിത്യോപയോഗസാധനങ്ങളില്‍ ജെല്ലുകള്‍ സര്‍വ്വസാധാരണമായി കണ്ടുവരുന്നുണ്ടെങ്കിലും സങ്കീര്‍ണമായ പ്രത്യേകതകളുള്ള മനുഷ്യന്റെ ത്വക്കിന് സമാനമായൊരു പദാര്‍ഥം നിര്‍മിക്കുന്നത് ശാസ്ത്രജ്ഞരെ സംബന്ധിച്ച് വെല്ലുവിളിയായിരുന്നു. അയവുള്ളതും ദൃഢതയുള്ളതും സ്വയം സുഖപ്പെടാനുള്ള ശേഷിയുമുള്ളതാണ് മനുഷ്യചര്‍മം. വഴക്കമുള്ളതും അതേസമയം സ്വയം സുഖപ്പെടാന്‍ പ്രാപ്തിയുമുള്ള ഒരു പദാര്‍ഥം വികസിപ്പിക്കുന്നതിനുള്ള തീവ്രശ്രമത്തിലായിരുന്നു ശാസ്ത്രജ്ഞര്‍.
നേച്ചര്‍ മെറ്റീരിയല്‍സ് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാനോപ്ലാസ്റ്റിക്കാണ് ഹൈഡ്രോജെല്‍ നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്ന അടിസ്ഥാനഘടകം. വൂണ്ട് ഹീലിങ്, ഡ്രഗ് ഡെലിവെറി, സോഫ്റ്റ് റോബോട്ടിക്‌സ്, പ്രോസ്‌തെറ്റിക്‌സ് എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ഈ ജെല്‍ സുപ്രധാന ചുവടുവെയ്പ്പാണ് മുന്നോട്ടുവെക്കുന്നത്.
വേഗത്തിലും ഫലപ്രദമായും സുഖപ്പെടുത്താനുള്ള ഈ പദാര്‍ഥത്തിന്റെ കഴിവ്, പൊള്ളലേറ്റവര്‍ക്കും ശസ്ത്രക്രിയാരോഗികള്‍ക്കും ഉണങ്ങാന്‍ താമസം നേരിടുന്ന മുറിവുകളുള്ളവര്‍ക്കും ത്വരിതഗതിയിലുള്ള സുഖപ്രാപ്തി നല്‍കാന്‍ ശേഷിയുള്ളതാണ്.












