ഈ ഇയർഫോണെന്താ ഇങ്ങനെ, പാക് പ്രധാനമന്ത്രിക്ക് വീണ്ടും നാണക്കേട്; പുടിനുമായുള്ള ചർച്ചക്കിടെ ഇയർഫോൺ വയ്ക്കാൻ പാടുപെട്ട് ഷഹബാസ് ഷെരീഫ്

മോസ്കോ: പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ ഇയർഫോൺ ചെവിയിൽ വയ്ക്കാനുള്ള പ്രയാസം വീണ്ടും നാണക്കേടിലാക്കി. മൂന്നു വർഷം മുമ്പ് ഉസ്ബെക്കിസ്ഥാനിലെ ഒരു ചർച്ചയ്ക്കിടെ ഇയർഫോൺ ഉപയോഗിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ഷഹബാസിന്റെ വിഡിയോ വൈറലായിരുന്നു. ഇപ്പോൾ, ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്‌ഹായ് സഹകരണ കൂട്ടായ്മയുടെ (എസ്‌സിഒ) ചർച്ചയിലും സമാനമായ സംഭവം ആവർത്തിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനൊപ്പം നടന്ന ചർച്ചയിൽ, ഇയർഫോൺ ചെവിയിൽ വയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഷഹബാസ് വീണ്ടും പ്രയാസപ്പെട്ടു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

ചർച്ചയ്ക്കിടെ ഇയർഫോൺ ശരിയായി ഉപയോഗിക്കാൻ കഴിയാതെ ഷഹബാസ് ബുദ്ധിമുട്ടുമ്പോൾ, പുട്ടിൻ ആംഗ്യത്തിലൂടെ എങ്ങനെ ഇയർഫോൺ വയ്ക്കണമെന്ന് കാണിച്ചുകൊടുക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. ഷഹബാസിന്റെ പ്രയാസം കണ്ട് പുട്ടിൻ ചിരിക്കുന്നതും, അദ്ദേഹത്തെ സഹായിക്കാൻ സ്വന്തം ഇയർഫോൺ എടുത്ത് ഉപയോഗിക്കുന്ന രീതി കാണിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ സംഭവം വേദിയിലെ നാണക്കേട് വർധിപ്പിച്ചെങ്കിലും, പുട്ടിന്റെ സഹായശ്രമം ശ്രദ്ധേയമായി. സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെ, ഷഹബാസിന്റെ ഇയർഫോൺ പ്രശ്നം വീണ്ടും ചർച്ചയായിരിക്കുകയാണ്.