റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യക്ക് ‘തല്ലും’ ചൈനയ്ക്ക് ‘തലോടലും’ ; കാരണം വെളിപ്പെടുത്തി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, ‘ഇന്ത്യക്ക് നോവുന്നിടത്ത് പ്രഹരിക്കും’

വാഷിംഗ്ടണ്‍ : റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ശിക്ഷ എന്ന നിലയില്‍ ഇന്ത്യക്ക് അധിക തീരുവ ഉള്‍പ്പെടെ 50 ശതമാനം തീരുവയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ പകുതി നിലവില്‍ വരികയും ചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ ഇന്ത്യ കടുത്ത എതിര്‍പ്പ് പരസ്യമാക്കിയിരുന്നു. റഷ്യയില്‍ നിന്നും അമേരിക്കയും എണ്ണയുള്‍പ്പെടെ വാങ്ങുന്നുവെന്നും റഷ്യയുമായി വ്യാപാര ബന്ധമുള്ള മറ്റ് രാജ്യങ്ങള്‍ക്കെതിരെ ട്രംപ് നടപടി എടുക്കുന്നില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.

റഷ്യയില്‍ നിന്നും ഇന്ത്യയെപ്പോലെ തന്നെ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. എന്നാല്‍ ചൈനയോട് ട്രംപിന് മൃദു സമീപനമാണ്. ഇപ്പോഴിതാ ഇതേ വിഷയം ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്.

റഷ്യയുടെ എണ്ണ വാങ്ങിയതിന് ചൈനയ്ക്ക് ഇതുവരെ ഒരു പിഴയും ശിക്ഷയും നല്‍കാത്തത് എന്തുകൊണ്ടാണെന്ന് സിഎന്‍ബിസിയോട് സംസാരിക്കുമ്പോഴാണ് യുഎസ് ട്രഷറി സെക്രട്ടറി വിശദമാക്കിയത്. ചൈനയെപ്പോലെയല്ല ഇന്ത്യയുടെ കാര്യം മെന്നും ഇന്ത്യ എണ്ണ പുനര്‍വില്‍പ്പനയിലൂടെ ‘ലാഭം കൊയ്യുകയും’ ‘ശതകോടിക്കണക്കിന് സമ്പാദിക്കുകയും’ ചെയ്യുന്നതിനാലാണ് അമേരിക്ക ആ രീതിയില്‍ ഇന്ത്യയോട് പെരുമാറുന്നതെന്നും സ്‌കോട്ട് ബെസെന്റ് പറഞ്ഞു.

ഇന്ത്യയ്ക്ക് റഷ്യയില്‍ നിന്ന് എണ്ണയുടെ ‘1 ശതമാനത്തില്‍ താഴെ’ മാത്രമേ ഉണ്ടായിരുന്നുള്ളൂ ‘ഇപ്പോള്‍ അത് 42 ശതമാനമായി’ ഉയര്‍ന്നുവെന്ന് ബെസെന്റ് എടുത്തുപറഞ്ഞു. ‘ഇന്ത്യ ലാഭം കൊയ്യുകയാണ്, അവര്‍ വീണ്ടും വില്‍ക്കുകയാണ്… അവര്‍ 16 ബില്യണ്‍ അധിക ലാഭം നേടി’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യ ഇന്ത്യക്ക് എണ്ണ വിറ്റ് നേടുന്ന തുക യുക്രയ്‌നെതിരായ യുദ്ധത്തിനാണ് ഉപയോദിക്കുന്നതെന്നും, അതില്‍ നേരിട്ടല്ലെങ്കിലും ഇന്ത്യയും യുദ്ധത്തില്‍ ഭാഗമാകുന്നുവെന്നുമാണ് അമേരിക്കയുടെ വാദം.

അതേസമയം, റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയെ വിമര്‍ശിച്ച് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോയും എത്തിയിരുന്നു. ഇന്ത്യ റഷ്യന്‍ ഊര്‍ജ്ജവും പ്രതിരോധ ഉപകരണങ്ങളും വാങ്ങിയതിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യയെ നയം മാറ്റാന്‍ പ്രേരിപ്പിക്കുന്നതിന് ‘ഇന്ത്യക്ക് നോവുന്നിടത്ത് പ്രഹരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. മാത്രമല്ല, യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാനും റഷ്യന്‍ സമ്പദ്വ്യവസ്ഥയെ ഒറ്റപ്പെടുത്താനും നടത്തുന്ന ആഗോള ശ്രമങ്ങള്‍ക്ക് റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരം ‘അവസരവാദപരവും’ ‘വിനാശകരവുമാണ്’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

Also Read

More Stories from this section

family-dental
witywide