
ജനപ്രിയ മെസ്സേജിങ് ആപ്പായ വാട്സ്ആപ്പിന്റെ വെബ് വേർഷനിൽ ഉപയോക്താക്കൾക്ക് ചാറ്റുകൾ സ്ക്രോൾ ചെയ്യാൻ സാധിക്കാത്തതിനെ ചൊല്ലി വ്യാപക പരാതി ഉയരുന്നു. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ എക്സ് പ്ലാറ്റ്ഫോമിൽ ഈ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തങ്ങളുടെ ലാപ്ടോപ്പിനോ ഡിവൈസിനോ പ്രശ്നമാണെന്ന് പലരും തെറ്റിദ്ധരിച്ചെങ്കിലും, ചാറ്റിൽ സ്റ്റിക്കർ അല്ലെങ്കിൽ ഇമോജി പാനൽ തുറന്നതിനു ശേഷമാണ് ഈ ബഗ് പ്രത്യക്ഷപ്പെടുന്നതെന്ന് ടെക്നോളജി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. താത്കാലികമായി സ്റ്റിക്കറുകൾ ഒഴിവാക്കാനും, സ്ക്രോൾ ചെയ്യുമ്പോൾ ബ്രൗസർ വിൻഡോയുടെ വലുപ്പം മാറ്റുകയോ ആൾട്ട് കീ ഉപയോഗിക്കുകയോ ചെയ്യുന്നത് പ്രശ്നം പരിഹരിക്കാൻ സഹായിക്കുമെന്നും വിദഗ്ധർ നിർദേശിക്കുന്നു.
ഇതിനു മുമ്പും വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് സമാനമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ, മെസ്സേജുകൾ ഡെലിവറി ആകാത്തതിനെക്കുറിച്ച് ആയിരക്കണക്കിന് ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഓൺലൈൻ സേവന തടസ്സങ്ങൾ നിരീക്ഷിക്കുന്ന ഡൗൺഡിറ്റക്ടർ പ്രകാരം, 460-ലധികം പരാതികൾ അന്ന് രേഖപ്പെടുത്തി. സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനും ആപ്പിൽ ലോഗിൻ ചെയ്യാനും പലർക്കും ബുദ്ധിമുട്ട് നേരിട്ടു. ഫെബ്രുവരി 28-നും മെസ്സേജ് ഡെലിവറിയിൽ തടസ്സം നേരിട്ടതായി വ്യാപക പരാതികൾ ഉയർന്നിരുന്നു, ഇത് വാട്സ്ആപ്പിന്റെ സേവന വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നു.