എന്ത് വിധിയിത്! ജീവപര്യന്തം ശിക്ഷ കിട്ടിയ കൊലക്കേസ് പ്രതികൾക്ക് ‘മരംനടൽ ജാമ്യം’; ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ഡൽഹി: കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾക്ക് മരങ്ങൾ നട്ടുപിടിപ്പിക്കുകയും സാമൂഹിക സേവനം ചെയ്യുകയും ചെയ്യണമെന്ന വിചിത്ര വ്യവസ്ഥയോടെ ജാമ്യം അനുവദിച്ച മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 302 പ്രകാരം ശിക്ഷിക്കപ്പെട്ട പ്രതികളുടെ ജീവപര്യന്തം തടവ് താൽക്കാലികമായി നിർത്തിവെച്ച ഹൈക്കോടതി തീരുമാനം നിയമവിരുദ്ധമാണെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി. അഞ്ജരിയയും വ്യക്തമാക്കി.

ഓരോ പ്രതിയും 6-8 അടി ഉയരമുള്ള വൃക്ഷത്തൈകൾ നടണം, 3-4 അടി ആഴമുള്ള കുഴികൾ കുഴിക്കണം, ജാമ്യം ലഭിച്ച് 30 ദിവസത്തിനകം നട്ടുപിടിപ്പിച്ച സസ്യങ്ങളുടെ ചിത്രങ്ങൾ സമർപ്പിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. മൂന്ന് മാസത്തിലൊരിക്കൽ വിചാരണ കോടതിയിൽ പുരോഗതി റിപ്പോർട്ട് നൽകണമെന്നും തൈകൾ പരിപാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

മരംനടലും സാമൂഹിക സേവനവും വഴി ദുഷ്പ്രവൃത്തികൾ ശുദ്ധീകരിക്കാൻ പ്രതികൾ തയ്യാറാണെന്ന് രേഖപ്പെടുത്തിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ സമീപനം ‘ഭയാനകം’ എന്ന് വിശേഷിപ്പിച്ച സുപ്രീം കോടതി, കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവർക്ക് സാമൂഹിക കാരണങ്ങൾ മുന്നോട്ടുവെച്ച് ഇത്തരം ഇളവ് നൽകുന്നത് നിയമത്തിന്റെ പരിധിക്ക് പുറത്താണെന്ന് ചൂണ്ടിക്കാട്ടി.

“ജാമ്യം അനുവദിക്കുമ്പോൾ ഹൈക്കോടതി നിയമപരമായ അടിസ്ഥാനങ്ങളിൽ നിന്ന് വ്യതിചലിച്ചു. ഇത്തരം ഉത്തരവ് നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാവില്ല,” ജസ്റ്റിസ് കുമാർ നിരീക്ഷിച്ചു. ഹൈക്കോടതിയുടെ വിചിത്ര നിബന്ധനകൾ റദ്ദാക്കിയ സുപ്രീം കോടതി, പ്രതികളുടെ ജാമ്യം റദ്ദാക്കി ജയിലിലേക്ക് മടക്കി അയച്ചു.

More Stories from this section

family-dental
witywide