
തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ ബലാത്സംഗ കേസും രജിസ്റ്റർ ചെയ്തു. ബെംഗളൂരു സ്വദേശിനി നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ചാണ് ബലാത്സംഗ കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:47-ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും ദേശീയ നേതൃത്വത്തിനും ഇ-മെയിൽ വഴി ലഭിച്ച പരാതി ഇന്നലെ തന്നെ ഡിജിപിക്ക് കൈമാറിയിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് നടപടിയെടുത്തത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സജീവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു.
പരാതിക്കാരി നേരത്തെ രാഹുലിനെതിരെ ആരോപണം ഉന്നയിച്ചയാളാണെന്നാണ് സൂചന. അന്ന് ഔദ്യോഗിക പരാതി നൽകാൻ തയ്യാറാകാതിരുന്ന യുവതി ഇപ്പോൾ “ക്രൂരമായ ലൈംഗിക പീഡനം” നടന്നുവെന്ന് വിശദീകരിച്ചാണ് കോൺഗ്രസ് നേതൃത്വത്തിന് കത്തയച്ചത്. അന്വേഷണ സംഘം ഉടൻ തന്നെ യുവതിയിൽ നിന്ന് മൊഴിയെടുക്കും. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ട് ബലാത്സംഗ കേസുകളും ഒരു നിർബന്ധിത ഗർഭഛിദ്ര കേസും നിലവിലുണ്ട്.
നിലവിൽ ഒളിവിലുള്ള രാഹുൽ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ നെയ്യാറ്റിൻകര കോടതി വ്യാഴാഴ്ച വിധി പറയും. കേസുകളുടെ ഗൗരവം കണക്കിലെടുത്ത് ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് നിയമവൃത്തങ്ങൾ വിലയിരുത്തുന്നത്. കോൺഗ്രസിനുള്ളിൽ രാഹുലിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്ന സാഹചര്യത്തിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.










