
ന്യൂഡല്‍ഹി : റഷ്യയും ഉക്രെയ്നും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ അവസാനിച്ചു. തിങ്കളാഴ്ച ഇസ്താംബൂളില്‍വെച്ചായിരുന്നു ചര്‍ച്ച. ആരംഭിച്ച് ഒരു മണിക്കൂറിനുശേഷംതന്നെ ചര്‍ച്ച അവസാനിച്ചു എന്നും തുര്‍ക്കി ഉദ്യോഗസ്ഥര്‍ പറഞ്ഞു. റഷ്യയുടെ ആണവ ശേഷിയുള്ള തന്ത്രപരമായ ബോംബര്‍ വിമാനങ്ങള്‍ക്ക് നേരെ യുക്രെയ്ന്‍ നടത്തിയ വന്‍ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെയായിരുന്നു ചര്‍ച്ച.
2022 ന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ടാമത്തെ നേരിട്ടുള്ള ചര്‍ച്ചയായിരുന്നു ഇത്. ചര്‍ച്ചകള്‍ ഷെഡ്യൂള്‍ ചെയ്തതിലും ഏകദേശം രണ്ട് മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. എന്നാല്‍ ഇതിന് എന്താണ് കാരണമെന്ന് വ്യക്തമല്ല. യുക്രെയ്‌നിന്റെ ആക്രമണത്തില്‍ ഞെട്ടിയ റഷ്യ രോഷാകുലമായ അവസ്ഥയിലായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തതെന്നാണ് വിവരം.
വെടിനിര്‍ത്തലിനുള്ള സാഹചര്യങ്ങള്‍ വിലയിരുത്തുക, റഷ്യന്‍, ഉക്രേനിയന്‍ പ്രസിഡന്റുമാര്‍ തമ്മിലുള്ള സാധ്യമായ കൂടിക്കാഴ്ച ചര്‍ച്ച ചെയ്യുക, കൂടുതല്‍ തടവുകാരെ കൈമാറാനുള്ള അവസരങ്ങള്‍ പരിശോധിക്കുക എന്നിവയാണ് ചര്‍ച്ചയുടെ ലക്ഷ്യമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍ പറഞ്ഞു.















