
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളി തട്ടിപ്പ് വിവാദത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. ദേവസ്വം ബോർഡിന്റെ സംവിധാനം പൂർണമായും പുനഃസംഘടിപ്പിക്കണമെന്നും, ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള പുതിയ സംവിധാനം രൂപീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഉണ്ണികൃഷ്ണൻ പോറ്റി എന്ന ഒരാൾക്ക് മാത്രം ഇത്തരമൊരു തട്ടിപ്പ് നടത്താൻ കഴിയില്ലെന്നും, പിന്നിൽ വലിയ ഗൂഡസംഘങ്ങളുണ്ടെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
ദേവസ്വം ബോർഡ് രാഷ്ട്രീയക്കാർക്ക് ഇടം നൽകുന്ന സ്ഥലമാകരുതെന്ന് വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. ഈ തട്ടിപ്പ് കണ്ടെത്തിയത് നിലവിലെ ബോർഡിന്റെ കാലത്താണെന്ന് ഓർക്കണമെന്നും, വരുമാനമുള്ള ദേവസ്വം ബോർഡുകളുടെ വിഹിതം വരുമാനം കുറഞ്ഞ ബോർഡുകളിലേക്ക് പങ്കുവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയുമായി ഭക്തർക്കുള്ള വൈകാരിക ബന്ധം കണക്കിലെടുത്ത്, ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും അന്വേഷിക്കണമെന്നും വെള്ളാപ്പള്ളി നിർദേശിച്ചു.
വിവാദത്തിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫും രംഗത്തെത്തി. കേരള പൊലീസിന്റെ അന്വേഷണം സത്യം പുറത്തുകൊണ്ടുവരില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വിമർശിച്ചു. സിബിഐയെ ഏൽപ്പിച്ചാൽ മാത്രമേ യഥാർഥ വസ്തുതകൾ വെളിവാകൂവെന്നും, അല്ലാത്തപക്ഷം അയ്യപ്പൻ മാപ്പു നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമം നടന്ന സമയത്താണ് ഈ വിഷയം പൊന്തിവന്നതെന്നും അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി.