സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗോവിന്ദചാമി ജയില്‍ ചാടിയ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ച് അടിയന്തര യോഗം വിളിച്ചു മുഖ്യമന്ത്രി. നാളെ രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈനായി യോഗം ചേരും. പൊലീസ് മേധാവി, ജയില്‍ മേധാവി, ആഭ്യന്തര സെക്രട്ടറി മറ്റു ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

മുഖ്യമന്ത്രിയുടെ ഓഫീസ് ഗോവിന്ദചാമി ജയില്‍ചാടിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിന്റെ ഗൗരവ സ്വഭാവം പരിഗണിച്ചുകൊണ്ട് അടിയന്തിര യോഗം മുഖ്യമന്ത്രി വിളിക്കുന്നത്.

യോഗത്തിൽ സംസ്ഥാനത്തെ ജയിലുകളിലെ കാര്യക്ഷമതയടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. സുരക്ഷാവീഴ്ച അടക്കമുള്ള കാര്യങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ ഇന്ന് ജയില്‍ മേധാവി കണ്ണൂരിലെത്തി ഒരു യോഗം വിളിക്കാന്‍ തീരുമാനിച്ചതിനിടെയായിരുന്നു ഗോവിന്ദചാമിയുടെ ജയിൽ ചാടൽ.

Also Read