
അഹമ്മാദാബാദ് ആകാശ ദുരന്തത്തിൽ എയര്‍ ഇന്ത്യ ക്യാപ്റ്റനെ കുറ്റപ്പെടുത്തിയ യുഎസ് മാധ്യമ റിപ്പോര്‍ട്ട് തള്ളി എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വസിറ്റിഗേഷന്‍ ബ്യൂറോ (എ എ ഐ ബി ). വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് സ്ഥിരീകരിക്കാത്തതും നിരുത്തരവാദിത്തവുമായതെന്നാണ് എഎഐബി വ്യക്തമാക്കിയത്. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തത ലഭിക്കുകയുള്ളൂ. അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന സമയത്ത് ഒരു നിഗമനത്തില്‍ എത്താന്‍ കഴിയില്ല. ഇന്ത്യന്‍ എയര്‍ലൈന്‍സുകളുടെ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടാക്കാന്‍ മാത്രമേ റിപ്പോര്‍ട്ട് സഹായിക്കുകയുള്ളൂവെന്നും എഎഐബി വിമര്‍ശിച്ചു.
ഇന്ധന സ്വിച്ച് ഓഫ് ചെയ്തത് സീനിയര്‍ പൈലറ്റ് സുമീത് സബര്‍വാള്‍ എന്ന സംശയമാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. ബ്ലാക്ക് ബോക്‌സില്‍ റെക്കോര്‍ഡ് ചെയ്ത പൈലറ്റുമാരുടെ സംഭാഷണത്തെ അടിസ്ഥാനമാക്കിയാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിലുള്ളത്.
അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ നിരുത്തരവാദിത്തപരമാണെന്നും അന്വേഷണത്തെ ദുര്‍ബലപ്പെടുന്ന തരത്തില്‍ അപകടകരമായ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും എഎഐബി വ്യക്തമാക്കി. അന്തിമ റിപ്പോര്‍ട്ട് പുറത്തു വരുന്നതു വരെ ക്ഷമയോടെ കാത്തിരിക്കണമെന്നും ആവശ്യപ്പെട്ടു.