
ന്യൂഡല്‍ഹി : കലാപത്തിനു പിന്നാലെ അധികാരത്തിലെത്തിയ ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനുസ് വീണ്ടും വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിനെ യൂനുസ് അമേരിക്കയ്ക്ക് വില്‍ക്കുന്നു എന്ന് അവര്‍ ആരോപിച്ചു.
ബംഗ്ലാദേശിലെ തന്റെ പാര്‍ട്ടിയായ അവാമി ലീഗിന്റെ സമീപകാല നിരോധനത്തെ അപലപിക്കുകയും അത് ഭരണഘടനാ വിരുദ്ധമാണെന്നും ഹസീന കുറ്റപ്പെടുത്തി. തീവ്രവാദ ഗ്രൂപ്പുകളുടെ സഹായത്തോടെ യൂനുസ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ നിയന്ത്രണം പിടിച്ചെടുത്തുവെന്ന് അവരുടെ പാര്‍ട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഓഡിയോ സന്ദേശത്തില്‍ ഹസീന ആവര്‍ത്തിച്ചു. ഡിസംബറില്‍ ബംഗ്ലാദേശില്‍ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്ന സൈന്യത്തിന്റെ ആഹ്വാനത്തെത്തുടര്‍ന്ന് യൂനുസ് രാജിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അവകാശപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഹസീനയുടെ കടന്നാക്രമണം.
സര്‍ക്കാരിനെതിരായി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങത്തെത്തുടര്‍ന്നാണ് അന്നത്തെ പ്രധാനമന്ത്രി ഹസീന രാജിവച്ച് ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്തത്. ഇതിനു പിന്നാലെയാണ് 2024 ഓഗസ്റ്റില്‍ നോബല്‍ സമ്മാന ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.