ഓസ്ട്രേലിയയിൽ പൊതുസ്ഥലങ്ങളിൽ ബുർഖ അടക്കമുള്ള മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധിക്കണമെന്ന ആവശ്യവുമായി ഓസ്ട്രേലിയൻ തീവ്ര വലതുപക്ഷ സെനറ്റർ പോളിൻ ഹാൻസൺ പാർലമെന്റിൽ ബുർഖ ധരിച്ചെത്തി. പൊതുസ്ഥലങ്ങളിൽ ബുർഖയും മറ്റ് മുഖം മറയ്ക്കുന്ന വസ്ത്രങ്ങളും നിയമവിരുദ്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന ബിൽ അവതരിപ്പിക്കാൻ അനുമതി നിഷേധിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ശരീരം മുഴുവൻ മറയ്ക്കുന്ന ഈ വസ്ത്രം ധരിച്ച് ഹാൻസൺ സെനറ്റ് ചേംബറിലേക്ക് പ്രവേശിച്ചത്. എന്നാൽ പാർലമെന്റിന് പുറത്തും ഇത് രൂക്ഷമായ ആരോപണങ്ങൾക്ക് ഇടയാക്കി.
ഇത്തരമൊരു നിരോധനത്തിനായി സമ്മർദ്ദം ചെലുത്താൻ ഹാൻസൺ പാർലമെന്റിൽ ബുർഖ ധരിച്ചെത്തുന്നത് ഇത് രണ്ടാം തവണയാണ്. ഹാൻസൺ ബുർഖ ധരിച്ച് ചേംബറിലേക്ക് പ്രവേശിച്ചതോടെ സെനറ്റിൽ ബഹളമുണ്ടായി. അത് അഴിച്ചുമാറ്റാൻ അവർ വിസമ്മതിച്ചതിനെ തുടർന്ന് നടപടിക്രമങ്ങൾ നിർത്തിവയ്ക്കുകയും ചെയ്‌തു. താൻ മുന്നോട്ടുവച്ച ബിൽ സെനറ്റ് തള്ളിയതിലുള്ള പ്രതിഷേധമായാണ് ബുർഖ ധരിച്ചതെന്ന് പിന്നീട് ഫേസ്ബുക്കിൽ പോസ്റ്റിൽ ഹാൻസൺ പറഞ്ഞു.
പാർലമെന്റ് ഇത് നിരോധിക്കുന്നില്ലെങ്കിൽ, നമ്മുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതും സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന് കാരണമാകുന്നതുമായ, അടിച്ചമർത്തലിൻ്റെയും തീവ്രവാദത്തിന്റെയും പ്രതീകമായ, മതപരമല്ലാത്ത ഈ ശിരോവസ്ത്രം ഞാൻ നമ്മുടെ പാർലമെന്റിന്റെ സഭയിൽ പ്രദർശിപ്പിക്കും. അതിലൂടെ ഓരോ ഓസ്ട്രേലിയക്കാരനും എന്താണ് അപകടത്തിലായിരിക്കുന്നതെന്ന് അറിയാൻ കഴിയുമെന്നും ഹാൻസൺ എഫ്ബിയിൽ പറഞ്ഞു.
ഏഷ്യയിൽ നിന്നുള്ള കുടിയേറ്റത്തോടും അഭയാർത്ഥികളോടുമുള്ള കടുത്ത എതിർപ്പിൻ്റെ പേരിലാണ് 1990-കളിൽ ക്വീൻസ്ലാൻഡിൽ നിന്നുള്ള സെനറ്ററായ ഹാൻസൺ ശ്രദ്ധ നേടുന്നത്. തൻ്റെ പാർലമെന്ററി ജീവിതത്തിലുടനീളം ഇസ്ലാമിക വസ്ത്രങ്ങൾക്കെതിരെ അവർ പ്രചാരണം നടത്തിയിട്ടുണ്ട്. 2017-ലും അവർ ബുർഖ ധരിച്ച് പാർലമെൻ്റിൽ പങ്കെടുക്കുകയും രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Senator Pauline Hanson wears burqa in Australian Parliament to demand burqa ban














