
വാഷിംഗ്ടണ്‍ : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ണായകമായ ബിഗ് ബിഗ് ബ്യൂട്ടിഫുള്‍ ബജറ്റ് ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്ത നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ യുഎസ് സെനറ്റര്‍ കോണ്‍ഗ്രസ് വിടുന്നു. 64 കാരനായ തോം ടില്ലിസാണ്അടുത്ത വർഷം കോൺഗ്രസിലേക്ക് മൽസരിക്കില്ല എന്ന് പ്രഖ്യാപിച്ചത്.
അമേരിക്കയിൽ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നവർ “വംശനാശഭീഷണി നേരിടുന്ന ഒരു ജീവിവർഗമായി” മാറിയെന്നും തോം ടില്ലിസ് പറഞ്ഞു.
റിപ്പബ്ലിക്കൻ പാർട്ടി അംഗമായ ടില്ലിസ് 2007 മുതൽ 2015 വരെ നോർത്ത് കരോലിന പ്രതിനിധിസഭയിലും 2011 മുതൽ 2015 വരെ അതിന്റെ സ്പീക്കറായും സേവനമനുഷ്ഠിച്ചു . 2014 ൽ ഡെമോക്രാറ്റിക് പാർട്ടി അംഗമായ കേ ഹാഗനെ പരാജയപ്പെടുത്തി ടില്ലിസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു , 2020 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു . 2023 ൽ റിച്ചാർഡ് ബർ വിരമിച്ചപ്പോൾ അദ്ദേഹം സംസ്ഥാനത്തെ സീനിയർ യുഎസ് സെനറ്ററായി.
വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ആക്ടിനെ പിന്തുണയ്ക്കാത്തതിന് ശനിയാഴ്ച ട്രംപ് ടില്ലിസിനെ വിമര്‍ശിച്ചിക്കുകയും അനുകൂലിച്ചവരെ ട്രംപ് പുകഴ്ത്തുകയും ചെയ്തിരുന്നു.
കെന്റക്കിയില്‍ നിന്നുള്ള സെനറ്റര്‍ റാന്‍ഡ് പോള്‍, കോണ്‍ഗ്രസ്മാന്‍ തോമസ് മാസി എന്നിവരുള്‍പ്പെടെ തന്റെ ബില്ലിനെ എതിര്‍ക്കുന്ന മറ്റ് സഹ റിപ്പബ്ലിക്കന്‍ നിയമസഭാംഗങ്ങളെയും പ്രസിഡന്റ് കടന്നാക്രമിച്ചിരുന്നു. കഴിഞ്ഞ മാസം ഇത് പ്രതിനിധി സഭയില്‍ നേരിയ ഭൂരിപക്ഷത്തിന് പാസായിരുന്നു.
ഉഭയകക്ഷി തീരുമാനം സ്വീകരിക്കാനും, വിട്ടുവീഴ്ച ചെയ്യാനും, സ്വതന്ത്ര ചിന്ത പ്രകടിപ്പിക്കാനും തയ്യാറുള്ള’ നിയമനിര്‍മ്മാതാക്കള്‍ വാഷിംഗ്ടണില്‍ ഒരു അപൂര്‍വ കാഴ്ചയായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
അതേസമയം, ഇനി ബില്ലില്‍ ചര്‍ച്ച ആരംഭിക്കും. ജൂലൈ നാലിനകം പാസാക്കണം എന്ന ട്രംപിന്റെ വ്യവസ്ഥ പാലിക്കാന്‍ കഴിയുമോ എന്ന് ഉറപ്പില്ല. കാരണം, ഡെമോക്രറ്റുകള്‍ പല തടസങ്ങളും സൃഷ്ടിച്ചേക്കും. ആയിരം പേജ് വരുന്ന ബില്‍ പൂര്‍ണമായി വായിക്കണമെന്നു മൈനോറിറ്റി ലീഡര്‍ ചക്ക് ഷൂമര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സെനറ്റില്‍ മഹത്തായ വിജയം കൈവരിച്ചെന്നാണ് ട്രംപ് എക്സില്‍ കുറിച്ചത്. പാര്‍ട്ടിയിലെ എതിര്‍പ്പു പരിഹരിച്ച സെനറ്റര്‍മാരായ റിക്ക് സ്‌കോട്ട്, മൈക്ക് ലീ, റോണ്‍ ജോണ്‍സണ്‍, സിന്തിയ ലുമിസ് എന്നിവര്‍ക്കു ട്രംപ് പ്രത്യേകം നന്ദിയും പറഞ്ഞു.















