
ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ പെട്ടെന്നുള്ള രാജിയെത്തുടര്‍ന്ന് ചര്‍ച്ചകള്‍ പലവഴിക്ക് പടരുകയാണ്. അതിനിടെ ബിജെപിക്കു പുറത്തുനിന്നുള്ള നേതാക്കളെയും പരിഗണിക്കുന്നുവെന്ന ചില അഭ്യൂഹങ്ങള്‍ വന്നിരുന്നു. എന്നാല്‍
പുതിയ ഉപരാഷ്ട്രപതി ബി ജെ പിയില്‍ നിന്ന് തന്നെയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. മുതിര്‍ന്ന ബി ജെ പി നേതാക്കളെയാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിയെത്തുടര്‍ന്ന് ഉപരാഷ്ട്രപതിയായി ജെ ഡി യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, ശശി തരൂര്‍ എം പി അടക്കമുള്ളവരുടെ പേരുകള്‍ പരിഗണിക്കുന്നതായാണ് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നത്. എന്നാലിത് തള്ളിക്കളയുകയാണ് പാര്‍ട്ടി വൃത്തങ്ങള്‍. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവുമായി അടുത്ത ബന്ധമുള്ള ഒരാളായിരിക്കും ഉപരാഷ്ട്രപതിയെന്ന് ഒരു ഉന്നത ബി ജെ പി നേതാവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.