
ന്യൂഡല്‍ഹി: കേരളത്തെ നിക്ഷേപക-വ്യവസായ സൗഹൃദമാക്കണമെന്നും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ഇത്തരമൊരു മാറ്റത്തിനായുള്ള ശബ്ദമാകാന്‍ കഴിഞ്ഞാല്‍, മറ്റേതൊരു സംസ്ഥാനത്തേക്കാളും തനിക്ക് കേരളത്തില്‍ വലിഹയ പങ്കുവഹിക്കാന്‍ കഴിയുമെന്നും തിരുവനന്തപുരം എംപി പറഞ്ഞു. ഇതിനായി നിക്ഷേപക സംരക്ഷണ നിയമം പാസ്സാക്കണമെന്നും ദി ഇക്കണോമിക് ടൈംസ് ദിനപത്രത്തിന്റെ ലീഡേഴ്‌സ് ഫോറം പരിപാടിയിലാണ് ശശി തരൂരിന്റെ ഈ പ്രസ്താവന.
കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനാണ് കേരളത്തെ നിക്ഷേപ, വ്യവസായ സൗഹൃദ സംസ്ഥാനമാക്കാന്‍ നേതൃത്വം നല്കാം എന്ന് തരൂര്‍ മറുപടി നല്കിയത്. ഹര്‍ത്താല്‍ നിരോധിക്കണമെന്നും സംസ്ഥാനത്തെ 90 ശതമാനം നിയന്ത്രങ്ങള്‍ എടുത്തു കളയണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. നിക്ഷേപത്തിനായി വരുന്നവര്‍ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും തൊഴിലാളി സംഘടനകളെയും ഭയക്കുന്ന സാഹചര്യം ഇല്ലാതാക്കണമെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
തന്റെ കരിയറില്‍ ഒരിക്കലും ഒരു സ്ഥാനവും താന്‍ ആഗ്രഹിച്ചിട്ടില്ലെന്ന പറഞ്ഞ തരൂര്‍ ഐക്യരാഷ്ട്രസഭയില്‍ അംഗമായിരുന്ന കാലം മുതല്‍ ഞാന്‍ വഹിച്ച എല്ലാ ജോലികളിലും ആളുകള്‍ തന്നെ തേടിയെത്തി ഏല്പ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ തന്നെയാണ് തന്റെ പേര് മുന്നോട്ടുവച്ചത്. പലരും ആവശ്യപ്പെട്ടതനുസരിച്ച് ആയിരുന്നു അത്തരമൊരു നീക്കം നടത്തിയത് എന്നും ശശി തരൂര്‍ പറഞ്ഞു.
അടുത്ത വര്‍ഷം ആദ്യം കേരളം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തില്‍ എത്തുന്നത് തടയാനുള്ള കരുനീക്കത്തിലാണ് കോണ്‍ഗ്രസ്. അധികാരം തിരിച്ചുപിടിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ ഏറ്റവും അനുയോജ്യന്‍ തരൂര്‍ ആണെന്ന സര്‍വ്വെ ഫലം അദ്ദേഹം തന്നെ പങ്കുവെച്ചിരുന്നു. ഇതു വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സിഡബ്ല്യുസി അംഗം രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പലപ്പോഴും ഉയര്‍ന്നുവന്നിരുന്നു.











