
കൊച്ചി : മുതിർന്ന സി പി ഐ (എം) നേതാവും പ്രമുഖ ട്രേഡ് യൂണിയൻ പ്രവർത്തകനുമായിരുന്ന കെ.എം. സുധാകരൻ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 5.30നാണ് അന്ത്യം. സംസ്കാരം വൈകീട്ട് വൈപ്പിൻ നായരമ്പലത്തുള്ള വസതിയിൽ വെച്ചു നടക്കും. അടിയന്തരാവസ്ഥയില്‍ 16 മാസം കരുതല്‍തടവിൽ കഴിഞ്ഞിരുന്നു. പരോളില്‍ എത്തിയാണ് അമ്മയുടെ സംസ്കാരത്തിലടക്കം അദ്ദേഹം പങ്കെടുത്തത്. ദീർഘകാലം സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറിയേറ്റംഗം, 35 വർഷത്തോളം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
1954-ലെ ട്രാൻസ്‌പോർട്ട് സമരം, കുടികിടപ്പ് സമരം, ചെത്തുതൊഴിലാളി പണിമുടക്ക് എന്നിവയിൽ സജീവമായി പങ്കെടുത്തു. 18-ാം വയസ്സിൽ സമരങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം പൊലീസിന്റെ ക്രൂരമർദനങ്ങൾക്ക് ഇരയായിട്ടുണ്ട്.
1935ലാണ് കെ.എം സുധാകരന്റെ ജനനം. അഞ്ചാംവയസ്സിൽ നായരമ്പലത്തേക്ക് താമസംമാറി. ജീവിത സാഹചര്യങ്ങൾ മൂലം ഒന്നാം ഫോറത്തിനു ശേഷം പഠനം തുടരാനായില്ല. പിന്നീട് ചെത്തുതൊഴിലാളിയായി മാറി. 1953 ല്‍ സി പി ഐ കാന്‍ഡിഡേറ്റ് അംഗമായ ഇദ്ദേഹം നായരമ്പലത്തെ ആദ്യ പാര്‍ട്ടി സെല്‍ സെക്രട്ടറിയായി. 1964ൽ പാര്‍ട്ടി പിളര്‍ന്നപ്പോൾ സി പി എം ജില്ലാ കമ്മിറ്റി അംഗമായി.
വൈപ്പിൻ ഏരിയ സെക്രട്ടറിയായും 35 വർഷം സംസ്ഥാന കമ്മിറ്റിയിലും കെ.എം സുധാകരൻ പ്രവർത്തിച്ചു. കൂടാതെ കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, സി.ഐ.ടി.യു സംസ്ഥാന ട്രഷറർ എന്നീ ചുമതലകളും നിർവഹിച്ചു.
Senior CPM leader KM Sudhakaran passes away.













