
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനം. ജൂനിയർ അഭിഭാഷക ശ്യാമിലിയെ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ആണ് മർദ്ദിച്ചത്. യുവതിയുടെ മുഖത്ത് ഗുരുതരപരുക്കേറ്റിട്ടുണ്ട്. അഭിഭാഷകൻ മോപ്സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്ന് യുവതി പറഞ്ഞു. അഭിഭാഷക ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
സീനിയർ അഭിഭാഷകൻ ബെയ്ലിൻദാസ് നേരത്തെയും മർദിച്ചിട്ടുണ്ടെന്ന് ശാമിലി പറഞ്ഞു. താൻ ഗർഭിണിയായിരിക്കുന്ന ഘട്ടത്തിലും സീനിയർ അഭിഭാഷകൻ മർദിച്ചിട്ടുണ്ടെന്നും ശാമിലി വെളിപ്പെടുത്തി. ദേഷ്യത്തിൽ പ്രതികരിച്ചിട്ട് പെട്ടെന്ന് ഓഫീസിൽ നിന്ന് ഇറങ്ങിപ്പോകും. മുഖത്തേക്ക് ഫയലുകൾ വലിച്ചെറിയും. എല്ലാവരുടെയും മുന്നിൽ വച്ച് മർദിക്കും. പിന്നാലെ അതേ സാഹചര്യത്തിൽ ക്ഷമ പറയും. ബെയ്ലിൻ ദാസിന്റെ പീഡനം സഹിക്ക വയ്യാതെ ജൂനിയേഴ്സ് ഓഫീസിൽ നിന്ന് പോയിട്ടുണ്ട്. സംഭവത്തിൽ നിയമപരമായി മുന്നോട്ടു പോകുമെന്നും ശാമിലി പറഞ്ഞു.
അതിനിടെ ശാമിലിയെ ക്രൂര മർദനത്തിനിരയാക്കിയ സംഭവത്തിൽ അഭിഭാഷകൻ ബെയ്‌ലിന്‍ ദാസിനെ ബാർ അസോസിയേഷനിൽ നിന്ന് താത്കാലികമായി പുറത്താക്കി. എന്താണ് നടന്നത് എന്നതിനെക്കുറിച്ച് ബെയ്‌ലിന്‍ ദാസ് ബാർ കൗൺസിലിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. തങ്ങൾ ഇരയ്ക്കൊപ്പമാണെന്നും നീതി നേടിക്കൊടുക്കാൻ ഒപ്പം നിൽക്കുമെന്നും ബാർ അസോസിയേഷൻ വ്യക്തമാക്കി. താത്കാലികമായാണ് ബെയ്‌ലിനെ പുറത്താക്കിയത്. അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കും.