ഇന്ത്യയിലെ അടുത്ത യുഎസ് അംബാസഡറായി സെര്‍ജിയോ ഗോർ, ട്രംപിന്റെ അടുത്ത സുഹൃത്തും വിശ്വസ്തനും

വാഷിംഗ്ടണ്‍: സെര്‍ജിയോ ഗോറിനെ ഇന്ത്യയിലെ അടുത്ത അമേരിക്കന്‍ അംബാസഡര്‍ ആയി പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദക്ഷിണ-മധ്യ ഏഷ്യയിലെ പ്രത്യേക പ്രതിനിധിയുടെ ചുമതലയും സെര്‍ജിയോ ഗോറിന് നല്‍കിയിട്ടുണ്ട്. വൈറ്റ് ഹൗസില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായാണ് സെര്‍ജിയോ ഗോര്‍ അറിയപ്പെടുന്നത്. എറിക് ഗാര്‍സെറ്റിയുടെ പകരക്കാരനായാണ് സെര്‍ജിയോ ഗോര്‍ ഇന്ത്യയിലേയ്ക്ക് എത്തുന്നത്.

സെര്‍ജിയോ ഗോറിനെ ഇന്ത്യയിലെ അടുത്ത അംബാസിഡറായും തെക്ക്-മധ്യ ഏഷ്യയിലെ പ്രത്യേക പ്രതിനിധിയായും പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട് എന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഗോര്‍ വളരെക്കാലമായി തന്റെ ഒപ്പം നിന്ന വലിയ സുഹൃത്താണെന്നും ട്രംപ് പറയുന്നു.

‘ഇന്ത്യയിലെ അടുത്ത യുണൈറ്റഡ് സ്റ്റേറ്റ്‌സ് അംബാസഡറായും ദക്ഷിണ, മധ്യേഷ്യന്‍ കാര്യങ്ങളുടെ പ്രത്യേക ദൂതനായും സെര്‍ജിയോ ഗോറിനെ സ്ഥാനക്കയറ്റം നല്‍കുന്നതായി അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രസിഡന്‍ഷ്യല്‍ പേഴ്സണല്‍ ഡയറക്ടര്‍ എന്ന നിലയില്‍, സെര്‍ജിയോയും സംഘവും നമ്മുടെ ഫെഡറല്‍ ഗവണ്‍മെന്റിന്റെ എല്ലാ വകുപ്പുകളിലുമായി ഏകദേശം 4,000 അമേരിക്ക ഫസ്റ്റ് പാട്രിയറ്റുകളെ റെക്കോര്‍ഡ് സമയത്ത് നിയമിച്ചിട്ടുണ്ട് – ഞങ്ങളുടെ വകുപ്പുകളും ഏജന്‍സികളും 95% ത്തിലധികം നിറഞ്ഞു! സെര്‍ജിയോ സ്ഥിരീകരണം വരെ വൈറ്റ് ഹൗസിലെ അദ്ദേഹത്തിന്റെ നിലവിലെ റോളില്‍ തുടരും,’ യുഎസ് പ്രസിഡന്റിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു.

ഗോര്‍ തന്റെ ‘ചരിത്രപരമായ പ്രസിഡന്‍ഷ്യല്‍ കാമ്പെയ്നുകളില്‍’ പ്രവര്‍ത്തിച്ചുവെന്നും, എന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്നും ട്രംപ് പറഞ്ഞു. ‘ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മേഖലയ്ക്ക്, എന്റെ അജണ്ട നടപ്പിലാക്കാനും അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ ഞങ്ങളെ സഹായിക്കാനും എനിക്ക് പൂര്‍ണ്ണമായും വിശ്വസിക്കാന്‍ കഴിയുന്ന ഒരാള്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. സെര്‍ജിയോ ഒരു അവിശ്വസനീയമായ അംബാസഡറാകും. അഭിനന്ദനങ്ങള്‍ സെര്‍ജിയോ!’ എന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

1986 നവംബര്‍ 30 ന് ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കെന്റിലാണ് സെര്‍ജിയോ ഗൊറോഖോവ്‌സ്‌കി എന്ന സെര്‍ജിയോ ഗോര്‍ ജനിച്ചത്. ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മിഷേല്‍ ബാച്ച്മാന്‍, സ്റ്റീവ് കിംഗ്, റാണ്ടി ഫോര്‍ബ്‌സ് എന്നിവരുടെ പ്രതിനിധികളുടെ വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അമിത തീരുവയില്‍ ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ വിള്ളല്‍ വീണിനു പിന്നാലെയാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്തായ സെര്‍ജിയോ ഗോറിനെ ഇന്ത്യയിലെ അംബാസഡറായി ട്രംപ് നിയോഗിച്ചിരിക്കുന്നത്. നിലവില്‍ വൈറ്റ് ഹൗസിലെ പ്രസിഡന്‍ഷ്യല്‍ പേഴ്‌സണല്‍ ഓഫീസിലെ ഡയറക്ടറാണ് ഇദ്ദേഹം.

More Stories from this section

family-dental
witywide