കോട്ടയം: മോഹൻലാൽ നായകനായ 2012-ലെ ‘കർമയോദ്ധ’ സിനിമയുടെ തിരക്കഥയെച്ചൊല്ലിയുള്ള പകർപ്പവകാശ തർക്കത്തിൽ സംവിധായകൻ മേജർ രവിക്ക് കനത്ത തിരിച്ചടി. ചിത്രത്തിന്റെ തിരക്കഥ പുതുപ്പള്ളി സ്വദേശി റെജി മാത്യുവിന്റേതാണെന്ന് കോട്ടയം കൊമേഴ്സ്യൽ കോടതി വിധിച്ചു. റെജി മാത്യുവിന് 30 ലക്ഷം രൂപ നഷ്ടപരിഹാരവും സിനിമയുടെ പൂർണ പകർപ്പവകാശവും നൽകണമെന്ന് കോടതി ഉത്തരവിട്ടു. 13 വർഷം നീണ്ടുനിന്ന കേസിനാണ് ഈ വിധി.
സിനിമയുടെ റിലീസിന് ഒരു മാസം മുമ്പ് തന്റെ കഥ, തിരക്കഥ, സംഭാഷണം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ആരോപിച്ച് റെജി മാത്യു കോടതിയെ സമീപിച്ചിരുന്നു. അന്ന് 5 ലക്ഷം രൂപ കെട്ടിവെച്ച് തർക്കം രേഖപ്പെടുത്തി സിനിമ റിലീസ് ചെയ്യാൻ കോടതി അനുവദിച്ചു. എന്നാൽ ക്രെഡിറ്റിൽ ഷാജിയെയും സുമേഷിനെയും തിരക്കഥാകൃത്തുക്കളായി ചേർത്തത് കോടതി ഉത്തരവ് ലംഘനമാണെന്ന് കണ്ടെത്തി.
മേജർ രവി കഥ തന്റേതാണെന്നും മറ്റു തിരക്കഥാകൃത്തുക്കളുമായി ചർച്ച ചെയ്തതിനിടെ റെജി മാത്യുവിനോടും പറഞ്ഞിരുന്നുവെന്നും വാദിച്ചു. എന്നിട്ടും കോടതി റെജിയുടെ അവകാശവാദം അംഗീകരിച്ചു. നിർമാതാവ് ഹനീഫ് മുഹമ്മദ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെയും വിധി പ്രതികൂലമായി.















