
മുംബൈ : നിയമവിരുദ്ധമായി ഗർഭസ്ഥ ശിശുവിൻ്റെ ലിംഗ നിർണയം നടത്താൻ രണ്ടുപേരടങ്ങുന്ന സംഘം പ്രവർത്തിച്ചിരുന്നത് ഒരു കാലിത്തൊഴുത്തിൽ. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലാണ് സംഭവം. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇവിടെയെത്തിയ ഉദ്യോഗസ്ഥർ ഞെട്ടിപ്പോയി. കാരണം ലിംഗ നിർണയം മാത്രമല്ല, ഗർഭഛിദ്രവും ഇവിടെ നടത്തിയിരുന്നു. അതിനായി വിവിധ ഉപകരണങ്ങളും ഗുളികകളും ഇവിടെ സൂക്ഷിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിലായിട്ടുണ്ട്.
ഭോക്കാർദാൻ തഹ്‌സിലിലെ നഞ്ച വാഡി ഗ്രാമത്തിൽ പൊലീസും ആരോഗ്യ ഉദ്യോഗസ്ഥരും നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സതീഷ് സോനാവാനെ, ഭോക്കാർദാൻ തഹ്‌സിലിലെ തേജസ് പാത്തോളജി ലാബിന്റെ ഉടമ കേശവ് ഗവാണ്ടെ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്, പൊലീസ് സംഘം എത്തുമ്പോൾ സ്ഥലത്ത് പരിശോധനകൾക്കായി കാത്തിരിക്കുന്ന മൂന്ന് സ്ത്രീകളുമുണ്ടായിരുന്നു. ഗർഭസ്ഥ ശിശുവിൻ്റെ ലിംഗ നിർണയം നടത്തുന്നത് ഇന്ത്യയിൽ കുറ്റകരമാണ്.
പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ പോർട്ടബിൾ മെഷീനുകൾ, ഗർഭഛിദ്ര ഗുളികകൾ, മെഡിക്കൽ പരിശോധനാ ഉപകരണങ്ങൾ , മൊബൈൽ ഫോണുകൾ എന്നിവയുൾപ്പെടെ പിടിച്ചെടുത്തു.
ഒരു ചെറിയ കന്നുകാലി കൂട്ടിൽ ആറ് മാസമായി ഈ അനധികൃത സ്ഥാപനം പ്രവർത്തിച്ചു വരികയായിരുന്നു. ആളുകളുടെ ശ്രദ്ധതിരിക്കാനാണ് പിടിയിലായവർ ഇത്തരത്തിലൊരു സ്ഥലം തിരഞ്ഞെടുത്തത്. പ്രധാന പ്രതിയായ സോനാവാനെ, മുമ്പും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളയാളാണ്.
Sex determination centre at cowshed; Two arrested in Maharashtra; Equipment and abortion pills seized.










