തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്പെൻഡഡ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉയർന്ന പശ്ചാത്തലത്തിൽ നടി റിനി ആൻ ജോർജ് രംഗത്തെത്തി. ഇന്ന് ഉച്ചയോടെ ഒരു യുവതി നേരിട്ടെത്തി മുഖ്യമന്ത്രിക്ക് തെളിവുകളടക്കം പരാതി കൈമാറിയ സാഹചര്യത്തിൽ, “വളരെ സന്തോഷമുണ്ട്, സത്യം വിജയിക്കും എന്നതിന്റെ തെളിവാണിത്” എന്ന് റിനി പ്രതികരിച്ചു. “അതിജീവിതകളൊന്നുമില്ല, ഇതൊരു കെട്ടുകഥ മാത്രമാണ് എന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണിത്. ഒരു അതിജീവിത മാത്രമല്ല, ഒരുപാട് പെൺകുട്ടികൾ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട്. അവർ മുന്നോട്ടുവരണം, നിയമപോരാട്ടം നടത്തണം” എന്നും അവർ ആഹ്വാനം ചെയ്തു.
പരാതിക്കാരി കൈമാറിയത് വാട്സാപ് ചാറ്റുകൾ, ഓഡിയോ സംഭാഷണങ്ങൾ തുടങ്ങിയ തെളിവുകളടങ്ങിയ ഫയലാണെന്നാണ് വിവരം. മുഖ്യമന്ത്രി പരാതി ക്രൈംബ്രാഞ്ചിന് കൈമാറി; ഇന്നുതന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന. പരാതി നൽകാൻ ഇത്രയും വൈകിയതിന് കാരണം പ്രതിയും അനുകൂലികളും നടത്തിയ തീവ്ര സമ്മർദ്ദമാണെന്ന് റിനി ആൻ ജോർജ് ചൂണ്ടിക്കാട്ടി. താൻ പേരുപറയാതെ തുറന്നുപറഞ്ഞതിന്റെ പേരിൽ ഇപ്പോഴും കനത്ത സൈബർ ആക്രമണം നേരിടുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തെ രാഹുൽ പെൺകുട്ടികളെ ശല്യം ചെയ്ത കേസിലും പ്രതിയായിരുന്നു. ആരോപണങ്ങൾക്കിടെ കഴിഞ്ഞ ദിവസം മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ രാഹുലിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നു; “രാഹുൽ നിരപരാധിയാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ പുതിയ പരാതിയും തെളിവുകളും പുറത്തുവന്നതോടെ കേസ് ഗുരുതരമായി മാറിയിരിക്കുകയാണ്.














