
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി വീണ്ടും മാറ്റി. ഒക്ടോബർ 28, 29 തീയതികളിൽ ഉച്ചയ്ക്ക് 3:30ന് വാദം കേൾക്കാനാണ് കോടതി തീരുമാനിച്ചത്. ജസ്റ്റിസ് നീനു ബെൻസാലിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നേരത്തെ ജസ്റ്റിസ് ഗിരീഷ് കട് പാലിയുടെ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിരുന്ന ഹർജി, റോസ്റ്റർ മാറ്റത്തെ തുടർന്ന് പുതിയ ബെഞ്ചിലേക്ക് മാറുകയായിരുന്നു. കേസ് മാറ്റിവയ്ക്കുന്നതിനെച്ചൊല്ലി കോടതിയിൽ ചൂടേറിയ വാദങ്ങൾ നടന്നു. സിഎംആർഎൽ കേസ് മാറ്റാൻ ശ്രമിക്കുകയാണെന്ന് എസ്എഫ്ഐഒ ആരോപിച്ചു, എപ്പോൾ വേണമെങ്കിലും വാദം നടത്താൻ തയ്യാറാണെന്നും വ്യക്തമാക്കി.
നേരത്തെ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ച്, വിചാരണ കോടതിയിലെ നടപടികൾ മുന്നോട്ടുകൊണ്ടുപോകരുതെന്ന് നിർദേശിച്ചിരുന്നു. ഹൈക്കോടതിയുടെ തീരുമാനം വരുന്നതുവരെ തുടർനടപടികൾ പാടില്ലെന്നും കോടതി വ്യക്തമാക്കി. എസ്എഫ്ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ, അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത് മനഃപൂർവമല്ലാത്ത വീഴ്ചയാണെന്ന് കോടതിയെ അറിയിച്ചു. കേസ് പലതവണ മാറ്റിവച്ചതിനാൽ വാദം വേഗം കേട്ട് തീരുമാനമെടുക്കണമെന്ന് എസ്എഫ്ഐഒ നേരത്തെ ആവശ്യപ്പെട്ടിരുന്നു.