കൊച്ചി: ബലാത്സംഗക്കേസിലെ സാഹചര്യം രൂക്ഷമായതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പരസ്യമായി കൈവിട്ട് ഷാഫി പറമ്പിൽ എംപി. രാഹുലുമായി തനിക്ക് പാർട്ടി വഴിയുള്ള ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും വ്യക്തിപരമായ കാര്യങ്ങളിലേക്ക് ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും ഷാഫി വ്യക്തമാക്കി. രാഹുലിന്റെ രാഷ്ട്രീയ-സംഘടനാ പ്രവർത്തനത്തിന് മാത്രമാണ് പിന്തുണ നൽകിയതെന്നും അതും പാർട്ടിയുടെ പൊതുവായ നിലപാടിന്റെ ഭാഗമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രേഖാമൂലം പരാതി വരുന്നതിന് മുമ്പേ തന്നെ കോൺഗ്രസ് രാഹുലിനെതിരെ കർശന നടപടി സ്വീകരിച്ചുവെന്ന് ഷാഫി ചൂണ്ടിക്കാട്ടി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും പാർട്ടി അംഗത്വത്തിൽ നിന്നും പാർലമെന്ററി പാർട്ടി അംഗത്വത്തിൽ നിന്നും മാറ്റിനിർത്തുകയും ചെയ്തത് മറ്റേത് പാർട്ടിയും എടുക്കാത്ത തീരുമാനമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. പരാതി ലഭിച്ചയുടൻ കെപിസിസി അധ്യക്ഷൻ തന്നെ അത് ഡിജിപിക്ക് കൈമാറി. ഇതെല്ലാം പാർട്ടിയുടെ കൂട്ടായ തീരുമാനമാണെന്നും ഷാഫി ആവർത്തിച്ചു.
“രാഹുലുമായുള്ള അടുപ്പം പാർട്ടിയിൽ വന്ന ശേഷമാണ് ഉണ്ടായത്. വ്യക്തിപരമായി ആരിലേക്കും ഞാൻ ചൂഴ്ന്നിറങ്ങിയിട്ടില്ല. ക്രിമിനൽ പശ്ചാത്തലമുള്ള പരാതികൾ നേരത്തെ ഞങ്ങൾക്ക് ലഭിച്ചിട്ടുമില്ല,” ഷാഫി പറഞ്ഞു. തനിക്ക് പാർട്ടിയിൽ നിന്ന് ഒരു ഒറ്റപ്പെട്ട നിലപാടും ഇല്ലെന്നും പൂർണമായും പാർട്ടിക്കാരൻ മാത്രമാണെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.









