
വടകരയിൽ ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് നാടകീയ രംഗങ്ങൾ അരങ്ങേറി. രാഹുൽ മാങ്കൂട്ടത്തിന് സംരക്ഷണം നൽകുന്നുവെന്ന് ആരോപിച്ചാണ് പ്രവർത്തകർ ഷാഫിയുടെ വാഹനം തടഞ്ഞത്. പ്രതിഷേധക്കാർക്ക് മുന്നിൽ ഷാഫി കാറിൽനിന്ന് ഇറങ്ങി വന്നതോടെ സംഘർഷം രൂക്ഷമായി. പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും, ഷാഫി പൊലീസിനെ മാറ്റി റോഡിലിറങ്ങി, ഡിവൈഎഫ്ഐ പ്രവർത്തകരുമായി നേർക്കുനേർ വാക്‌തർക്കത്തിൽ ഏർപ്പെട്ടു. പ്രതിഷേധക്കാർ അസഭ്യം വിളിച്ചതായി ഷാഫി ആരോപിച്ചു, “നായെ, പട്ടീ എന്ന് വിളിച്ചാൽ കേട്ടിട്ട് പോകില്ല,” എന്ന് അദ്ദേഹം പ്രതികരിച്ചു.
വടകര അങ്ങാടിയിൽനിന്ന് പേടിച്ച് ഒളിച്ചോടാൻ താൻ തീരുമാനിച്ചിട്ടില്ലെന്ന് ഷാഫി വ്യക്തമാക്കി. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും, ആഭാസത്തരം കാണിച്ചാൽ വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ആദ്യം പിണറായി വിജയന്റെ ഓഫീസിൽ പോയി പ്രതിഷേധിക്കൂ, അവിടെ പി. ശശി ഇരിക്കുന്നുണ്ട്,” എന്ന് ഷാഫിക്കൊപ്പമുണ്ടായിരുന്നവർ പ്രതിഷേധക്കാർക്ക് നേർക്ക് വിളിച്ചുപറഞ്ഞു. ഏറെ പണിപ്പെട്ടാണ് പൊലീസ് പ്രവർത്തകരെ ഷാഫിയുടെ വാഹനത്തിന് മുന്നിൽനിന്ന് മാറ്റിയത്. സംഭവം പ്രദേശത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.















