‘ഷാഫിയോട് ചോദിച്ചു നോക്കൂ, ഞാൻ പറഞ്ഞത് കള്ളമാണോയെന്ന്?’, രാത്രി വാട്സാപ്പ് ഗ്രൂപ്പിൽനിന്ന് പുറത്താക്കി, രാവിലെ തിരിച്ചെടുത്തു: ആഞ്ഞടിച്ച് ഷഹനാസ്

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പരാതികൾ ഷാഫി പറമ്പിൽ എംപിക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം കുറ്റകരമായ മൗനം പാലിച്ചുവെന്നും കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ.ഷഹനാസ് ആവർത്തിച്ചു. സമൂഹമാധ്യമത്തിലെ പരാമർശത്തിനു പിന്നാലെ തന്നെ സംസ്കാര സാഹിതിയുടെ കോഴിക്കോട് ജില്ലാ വാട്സാപ് ഗ്രൂപ്പിൽനിന്ന് രാത്രി പുറത്താക്കിയെങ്കിലും രാവിലെ വീണ്ടും ഉൾപ്പെടുത്തിയെന്ന് ഷഹനാസ് പറഞ്ഞു. ജില്ലാ ചെയർമാൻ കാവിൽ പി.മാധവൻ നടത്തിയ ഈ നടപടി വ്യക്തിപരമായ വിദ്വേഷമായി തോന്നിയെന്നും അതിനെതിരെ മാധ്യമങ്ങളോട് പ്രതികരിച്ചതിനു പിന്നാലെയാണ് തിരിച്ചെടുത്തതെന്നും അവർ വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാക്കരുതെന്ന് താൻ ഷാഫി പറമ്പിലിനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഷഹനാസ് വെളിപ്പെടുത്തി. വനിതാ നേതാക്കൾക്ക് സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയാത്ത അന്തരീക്ഷമുണ്ടാക്കുമെന്നായിരുന്നു കാരണം. ഡൽഹി കർഷക സമരത്തിനു പിന്നാലെ രാഹുൽ അയച്ച അശ്ലീല ചുവയുള്ള സന്ദേശങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു. യൂത്ത് കോൺഗ്രസിലെ മറ്റു സ്ത്രീകളും ഷാഫിയോട് സമാന പരാതികൾ ഉന്നയിച്ചിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നതായി ഷഹനാസ് പറഞ്ഞു.

തിരഞ്ഞെടുപ്പു വേളയിലെ പ്രതികരണത്തിനു പിന്നാലെ സൈബർ ബുള്ളിയിങ്ങിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഷഹനാസ് അറിയിച്ചു. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗമായി നിൽക്കാൻ പദവികൾ ആവശ്യമില്ലെന്നും നിരന്തര പ്രതികരണങ്ങളിലൂടെ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും സ്ത്രീകൾക്ക് സംഘടനയിൽ പ്രശ്നങ്ങൾ പറയാൻ അവസരമുണ്ടെന്ന പ്രതീക്ഷയാണ് ഗ്രൂപ്പിലെ തിരിച്ചുവരവ് നൽകുന്നതെന്നും ഷഹനാസ് പറഞ്ഞു.

ഹണി ഭാസ്കരനുമായും സിപിഎമ്മിലെത്തിയ ഡോ.പി.സരിനുമായും ചേർത്തുള്ള സൈബർ പോസ്റ്റുകളെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ അവരുടെ പാവയല്ലെന്നായിരുന്നു മറുപടി. സരിനുമായി യൂത്ത് കോൺഗ്രസിലെ പഴയ ബന്ധമുണ്ടെന്നും ഹണി ഭാസ്കരൻ സുഹൃത്താണെന്നും ഷഹനാസ് വിശദീകരിച്ചു. രാഷ്ട്രീയത്തിനപ്പുറം സൗഹൃദം കാത്തുസൂക്ഷിക്കുന്നതായും അത്തരം ചർച്ചകൾ ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു.

ഷാഫി പറമ്പിലിനോട് പറഞ്ഞ കാര്യങ്ങൾ കളവാണോയെന്ന് അദ്ദേഹത്തോടു ചോദിക്കാമെന്ന് ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തിപരമായി ഷാഫിയോട് വിദ്വേഷമില്ലെന്നും ഇപ്പോഴും സംസാരിക്കാറുണ്ടെന്നും അവർ വ്യക്തമാക്കി. യൂത്ത് കോൺഗ്രസിലെ പെൺകുട്ടികളുടെ കടന്നുവരവിനെ തടയുന്ന തരത്തിലുള്ള നേതാക്കളെ പ്രോത്സാഹിപ്പിക്കരുതെന്നാണ് തന്റെ നിലപാടെന്നും ഷഹനാസ് ആവർത്തിച്ചു.

More Stories from this section

family-dental
witywide