ലക്ഷ്മണ രേഖ കടന്നു; ശശി തരൂരിന് ഹൈക്കമാന്റിന്റെ ശക്തമായ താക്കീത്

ഇന്ത്യ – പാക് സംഘർഷത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ച ശശി തരൂർ എംപിക്ക് ഹൈക്കമാന്റിന്റെ ശക്തമായ താക്കീത്. വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനുള്ള സമയമല്ല ഇത് എന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. പാർട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തിൽ അവതരിപ്പിക്കണം. ഇന്ത്യാ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ധാരണയിലടക്കം പാര്‍ട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായ പ്രകടനം നടത്തിയതാണ് തരൂരിനോട് പാർട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ടായത്.

ശശി തരൂർ പരിധി മറികടന്നു എന്നും ഇന്ന് ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിൽ വിമർശനം ഉയർന്നു.വ്യക്തിഗത വിമർശനങ്ങൾ നടത്തേണ്ട സമയമല്ല, പാർട്ടിയുടെ കൂട്ടായ നിലപാട് ശക്തിപ്പെടുത്തേണ്ട സമയമാണിത്. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്, ആളുകൾ അവരുടെ അഭിപ്രായം തുറന്ന് പറയും, പക്ഷേ ഇത്തവണ തരൂർ ലക്ഷ്മണരേഖ മറികടന്നിരിക്കുന്നു,” എന്നായിരുന്നു യോഗത്തിലെ പരാമർശം. പ്രത്യേക സാഹചര്യങ്ങളിൽ അച്ചടക്കമുള്ള പ്രതികരണങ്ങൾ ആവശ്യമാണെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ.

ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് തരൂരിനെതിരെ പരമാർശമുണ്ടായത്. മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ജയറാം രമേശ്, പ്രിയങ്ക ഗാന്ധി വാദ്ര, മുതിർന്ന നേതാവ് സച്ചിൻ പൈലറ്റ് എന്നിവരുൾപ്പെടെ ഉന്നത നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലും എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ശശി തരൂരിന്റെ നിലപാടുകളെ തളളി. തരൂര്‍ പറയുന്നത് പാര്‍ട്ടി നിലപാടല്ലെന്ന് ജയ്‌റാം രമേശ് വ്യക്തമാക്കി.

ഇന്ത്യാ-പാകിസ്താന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാലുതവണയിലേറെ ശശി തരൂര്‍ അഭിപ്രായം പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ നിലപാടിനു വിരുദ്ധമായ അഭിപ്രായപ്രകടനമാണ് തരൂര്‍ നടത്തിയത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് യുദ്ധമുണ്ടായപ്പോള്‍ അമേരിക്കയ്ക്ക് വഴങ്ങാതിരുന്നത് ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെതിരെ പ്രചാരണം നടത്തിയപ്പോള്‍ ശശി തരൂര്‍ അതിനെ പരസ്യമായി തളളി രംഗത്തെത്തിയിരുന്നു.1971 ലെ ഇന്ദിരാഗാന്ധിയുടെയും നിലവിലെ മോദിയുടെയും നിലപാടുകളെ താരതമ്യം ചെയ്യരുതെന്ന് തരൂർ പ്രതികരിച്ചിരുന്നു.

Also Read

More Stories from this section

family-dental
witywide