
ന്യൂഡല്‍ഹി : അമേരിക്കയുടെ തീരുവ ഭീഷണിക്ക് മുന്നില്‍ ഇന്ത്യ വഴങ്ങേണ്ടതില്ലെന്ന നിലപാടുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഇന്ത്യക്ക് വേറെ വഴികളുണ്ടെന്നും വ്യാപാര ബന്ധങ്ങള്‍ സൗഹൃദത്തിലായിരിക്കണമെന്നും ഭീഷണിയിലാകരുതെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെയും വികസനാധിഷ്ഠിത നയങ്ങളെയും കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് 25 ശതമാനം തീരുവയും പിഴയും ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു തരൂര്‍ നിലപാട് വ്യക്തമാക്കിയത്.
അതേസമയം, യു.എസ് തീരുവയില്‍ ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. രാജ്യതാല്‍പര്യം സംരക്ഷിച്ചേ മുന്നോട്ട് പോകൂവെന്നും വ്യവസ്ഥകള്‍ പരിശോധിക്കുകയാണെന്നും വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ ലോക്‌സഭയില്‍ പറഞ്ഞിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക നികുതി പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി ട്രംപ് എത്തിയിരുന്നു. റഷ്യയുമായി ഇന്ത്യ അടുക്കുന്നതിന് അമേരിക്കയ്ക്ക് യാതൊരു രീതിയിലുമുള്ള പ്രശ്‌നങ്ങളില്ലെന്നും ഇരു രാജ്യങ്ങള്‍ക്കും അവരവരുടെ തകര്‍ന്ന സമ്പദ്വ്യവസ്ഥകളുമായി വീണ്ടും താഴേക്ക് കൂപ്പു കുത്താമെന്നുമായിരുന്നു ട്രംപിന്റെ പരിഹാസം.