ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിളിച്ചുചേർത്ത കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ പങ്കെടുക്കാതെ തിരുവനന്തപുരം എംപി ശശി തരൂർ. സഭാ പ്രവർത്തനങ്ങൾ, പ്രതിപക്ഷ നിലപാടുകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു യോഗം. മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് തരൂർ വിശദീകരിച്ചത്. ഡൽഹിയിലില്ലാത്തതിനാലാണ് യോഗം ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പ്രഭ ഖൈതാൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ കൊൽക്കത്തയിലെത്തിയ തരൂർ, സമയമില്ലാത്തതിനാൽ ഡൽഹിയിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞില്ലെന്നാണ് വിശദീകരണം.
നവംബർ 30-ന് നടന്ന കോൺഗ്രസ് സ്ട്രാറ്റജിക് ഗ്രൂപ്പ് മീറ്റിങ്ങിലും തരൂർ പങ്കെടുത്തിരുന്നില്ല. വിമാനയാത്രയിലായിരുന്നതിനാലും കേരളത്തിലേക്ക് മടങ്ങുന്നതിനാലുമാണ് യോഗം ഒഴിവാക്കിയതെന്ന് അന്ന് അദ്ദേഹം വിശദീകരിച്ചു. 12 സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കളുടെ വോട്ടർപട്ടിക പരിഷ്കരണ യോഗത്തിലും തരൂർ വിട്ടുനിന്നു. ഡൽഹിയിലുണ്ടായിരുന്നിട്ടും യോഗത്തിൽ എത്താതിരുന്ന അദ്ദേഹം, അതേ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സമൂഹമാധ്യമ പോസ്റ്റിട്ടിരുന്നു.
കഴിഞ്ഞ ദിവസം ആർഎസ്എസ് അനുകൂല സംഘടനയായ എച്ച്ആർഡിഎസ്, പ്രഥമ സവർക്കർ പുരസ്കാരം ശശി തരൂരിന് പ്രഖ്യാപിച്ചത് വിവാദമായിരുന്നു. മാധ്യമങ്ങളിലൂടെ മാത്രമാണ് അവാർഡിനെക്കുറിച്ച് അറിഞ്ഞതെന്നും അത് സ്വീകരിക്കില്ലെന്നും തരൂർ വ്യക്തമാക്കി. എന്നാൽ, തരൂരിന്റെ വാദം കളവാണെന്നും പുരസ്കാര വിവരം മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും തെളിവുകൾ പുറത്തുവിടുമെന്നും എച്ച്ആർഡിഎസ് ഭാരവാഹികൾ പ്രതികരിച്ചു.










