
ന്യൂഡല്‍ഹി : മോദി സര്‍ക്കാരിനെ പിന്തുണച്ചും, രാഹുല്‍ ഗാന്ധിയെ തള്ളിയും പുതിയ അഭിപ്രായ പ്രകടനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യയെക്കുറിച്ചുള്ള ‘ഡെഡ് ഇക്കണോമി (ചത്ത സമ്പദ്‌വ്യവസ്ഥ)’ പരാമര്‍ശത്തെ പിന്തുണയ്ച്ച് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ‘അതെ, അദ്ദേഹം പറഞ്ഞത് ശരിയാണ്, പ്രധാനമന്ത്രിയും ധനമന്ത്രിയും ഒഴികെ എല്ലാവര്‍ക്കും ഇത് അറിയാം. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഒരു മരിച്ച സമ്പദ്വ്യവസ്ഥയാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രസിഡന്റ് ട്രംപ് ഒരു വസ്തുത പറഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഒരു നിര്‍ജ്ജീവ സമ്പദ്വ്യവസ്ഥയാണെന്ന് ലോകം മുഴുവന്‍ അറിയാം. അദാനിയെ സഹായിക്കാന്‍ ബിജെപി സമ്പദ്വ്യവസ്ഥയെ ഇല്ലാതാക്കി,’- രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
എന്നാല്‍ ഇത് പൂര്‍ണമായും തള്ളിയാണ് തരൂര്‍ എത്തിയത്. ‘എന്റെ പാര്‍ട്ടി നേതാവ് പറഞ്ഞതിനെക്കുറിച്ച് ഞാന്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ പറയാന്‍ അദ്ദേഹത്തിന് സ്വന്തം കാരണങ്ങളുണ്ട്,’ തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, അമേരിക്ക ഒരു തന്ത്രപരവും സാമ്പത്തികവുമായ പങ്കാളി എന്ന നിലയില്‍ ഇന്ത്യക്ക് പ്രധാനമാണ്. കാരണം ഏകദേശം 90 ബില്യണ്‍ യുഎസ് ഡോളറിന്റെ സാധനങ്ങള്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നു. അത് നഷ്ടപ്പെടുത്താനോ അത് ഗണ്യമായി കുറയ്ക്കാനോ ഞങ്ങള്‍ക്ക് കഴിയില്ല. ഇന്ത്യയ്ക്ക് ന്യായമായ ഒരു കരാര്‍ ലഭിക്കാന്‍ നമ്മുടെ ചര്‍ച്ചക്കാര്‍ക്ക് ശക്തി ലഭിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,- തരൂര്‍ പറഞ്ഞു.
അടുത്തിടെയായി നരേന്ദ്രമോദിയെ അനുകൂലിച്ചും ബിജെപിയെ തള്ളിപ്പറയാതെയും തരൂര്‍ എടുക്കുന്ന നിലപാടുകള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. തരൂര്‍ കോണ്‍ഗ്രസ് വിടുമെന്നും ബിജെപിയില്‍ ചേരുമെന്നുപോലും അഭ്യൂഹങ്ങളുണ്ടായിരുന്നു.














