
ലക്ഷ്മണ രേഖ കടക്കുന്നു എന്ന നിലയിൽ കേന്ദ്രനേതൃത്വം താക്കീത് ചെയ്തു എന്ന വാർത്തകൾ തള്ളി കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഡോ. ശശി തരൂർ എംപി രംഗത്ത്. വ്യക്തിപരമായ അഭിപ്രായം പറഞ്ഞു. ഞാൻ പാർട്ടി വക്താവല്ല. സർക്കാരിന് വേണ്ടിയും അല്ല സംസാരിച്ചത്. ഇന്ത്യാക്കാരൻ എന്ന നിലയിൽ വ്യക്തിപരമായുള്ള അഭിപ്രായം മാത്രമാണ് പറഞ്ഞിട്ടുള്ളത്. പാർട്ടി ആവശ്യപ്പെട്ടാൽ വ്യക്തത നൽകുമെന്നും ശശി തരൂർ പറഞ്ഞു. താൻ പറയുന്നതെല്ലാം എന്തുകൊണ്ട് വിവാദം ആകുന്നു എന്ന് അറിയില്ലെന്നും അദേഹം പറഞ്ഞു.
താക്കീത് ചെയ്തതിന് തെളിവ് വേണ്ടെയെന്ന് ശശി തരൂർ ചോദിച്ചു. അങ്ങനെയൊരു രേഖയുണ്ടെങ്കിൽ കാട്ടാനും തരൂർ മാധ്യമ പ്രവർത്തകരെ വെല്ലുവിളിക്കുകയും ചെയ്തു. പാക് സംഘർഷത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ചതിന് ശശി തരൂരിന് കോൺഗ്രസ് നേതൃത്വം താക്കീത് ചെയ്തെന്ന് വാർത്ത വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രനേതൃത്വം താക്കീത് ചെയ്തു എന്ന വാർത്ത തള്ളി ശശി തരൂർ രംഗത്തെത്തിയത്.
അതേസമയം സുധാകരന്റെ അതൃപ്തിയിൽ മറുപടി പറയാനില്ലെന്നും തരൂർ വ്യക്തമാക്കി. അധ്യക്ഷനെ മാറ്റുന്ന കാര്യം പാർട്ടി നേതൃത്വമാണ് തീരുമാനിച്ചതെന്നും അതുമായി മുന്നോട്ടു പോകണമെന്നും ശശി തരൂർ പറഞ്ഞു.
വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനുള്ള സമയമല്ലിതെന്ന് നേതൃത്വം നിർദേശിച്ചിരുന്നു. പാർട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തിൽ അവതരിപ്പിക്കണം. ശശി തരൂർ പരിധി മറികടന്നെന്നും മുതിർന്ന നേതാക്കളുടെ യോഗത്തിൽ വിമർശനമുയർന്നിരുന്നു. 1971 ലെ ഇന്ദിരാഗാന്ധിയുടെയും നിലവിലെ മോദിയുടെയും നിലപാടുകളെ താരതമ്യം ചെയ്യരുതെന്ന് തരൂർ പ്രതികരിച്ചിരുന്നു. പാർട്ടി ഇന്ദിരാഗാന്ധിയുടെ ധീരമായ നിലപാടുകൾ ആവർത്തിക്കുമ്പോഴായിരുന്നു തരൂരിന്റെ പ്രതികരണം.