
മുംബെ: പ്രശസ്ത നടിയും മോഡലും ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയുമായിരുന്ന ഷെഫാലി ജരിവാല(42)യുടെ മരണത്തിന് കാരണം യുവത്വം നിലനിർത്തുന്നതിനുള്ള ചികിത്സയുടെ ഭാഗമായുള്ള മരുന്നാണോയെന്ന് സംശയം. ഷെഫാലിയുടെ വീട്ടിൽ ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ യുവത്വം നിലനിർത്തുന്നതിനുള്ള മരുന്ന്, വിറ്റാമിന്‍ ഗുളികകൾ തുടങ്ങിയവ കണ്ടെടുത്തു. പൊലീസ് കുടുംബാംഗങ്ങൾ, വീട്ടുജോലിക്കാർ, ഡോക്ടർ തുടങ്ങി എട്ട് പേരുടെ മൊഴി രേഖപ്പെടുത്തി.
താരം വർഷങ്ങളായി യുവത്വം നിലനിർത്താൻ ഉപയോഗിക്കുന്ന മരുന്ന് സ്ഥിരമായി കുത്തിവെച്ചിരുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം ഉപയോഗിക്കുന്ന ഈ മെഡിസിൻ മരണ ദിവസവും ഉപയോഗിച്ചിരുന്നു. വീട്ടിൽ പൂജയായത് കാരണം ഉപവാസത്തിലായിരുന്ന താരം ഉച്ചയായപ്പോഴാണ് അന്ന് മരുന്ന് കുത്തിവെച്ചത്. തുടർന്ന് രാത്രി പത്തിനും പതിനൊന്നിനും ഇടയിൽ ആരോഗ്യം മോശമാവുകയും ശരീരം വിറയ്ക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ ഷെഫാലിയെ ഭർത്താവ് പരാഗ് ത്യാഗി, അമ്മ തുടങ്ങിയവർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.
എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വെറും വയറ്റിൽ മരുന്ന് ഉപയോഗിച്ചതാകാം അവരുടെ അവസ്ഥ വഷളാക്കിയതെന്നാണ് അനുമാനങ്ങൾ. എന്നാൽ, ശാസ്ത്രീയ പരിശോധനകൾ കഴിയാതെ ഒരു നിഗമനത്തിലും എത്താൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു. 2002ൽ പുറത്തിറങ്ങിയ ‘കാട്ടാ ലഗാ’ എന്ന റീമിക്‌സ് മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി പ്രശസ്തയായത്. വൻ ഹിറ്റായ ഈ ആൽബം രാജ്യം മുഴുവന്‍ ഷെഫാലിയ്ക്ക് ശ്രദ്ധ നേടിക്കൊടുത്തു.