വധശിക്ഷ വിധിയിൽ രൂക്ഷമായി പ്രതികരിച്ച് ഷെയ്ഖ് ഹസീന, ‘വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവും, കുറ്റങ്ങൾ പൂർണ്ണമായും നിഷേധിക്കുന്നു’

ഡൽഹി: ബംഗ്ലാദേശ് ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ (ഐസിടി) തനിക്ക് വിധിച്ച വധശിക്ഷ പൂർണമായും പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യാ ടുഡേ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് 2024 ഓഗസ്റ്റ് 5 മുതൽ ഇന്ത്യയിൽ പ്രവാസജീവിതം നയിക്കുന്ന ഹസീന ഇക്കാര്യം ആവർത്തിച്ചത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച ശേഷം രൂപീകരിച്ച “വ്യാജ ട്രിബ്യൂണൽ” മുൻകൂട്ടി തീരുമാനിച്ച നാടകമാണ് അരങ്ങേറിയതെന്ന് അവർ ആരോപിച്ചു.

തന്റെ അഭാവത്തിൽ നടന്ന വിചാരണയിൽ സ്വന്തം അഭിഭാഷകരെ നിയോഗിക്കാനോ പ്രതിരോധിക്കാനോ അവസരം നൽകിയില്ലെന്ന് ഹസീന പറഞ്ഞു. ഐസിടിക്ക് അന്താരാഷ്ട്ര സ്വഭാവമില്ല, നിഷ്പക്ഷതയില്ല, ലോകത്ത് ഒരു നിയമജ്ഞനും ഇതിനെ അംഗീകരിക്കില്ലെന്നും അവർ വാദിച്ചു. രാഷ്ട്രീയ എതിരാളികൾ നടത്തിയ അതിക്രമങ്ങളെ അവഗണിച്ച് അവാമി ലീഗ് അംഗങ്ങളെ മാത്രം കുറ്റവിചാരണ ചെയ്തുവെന്നും ഹസീന ആരോപിച്ചു.

ഇടക്കാല നേതാവ് മുഹമ്മദ് യൂനുസിന്റെ ഭരണം ഭരണഘടനാ വിരുദ്ധവും ഭീകരവാദ ശക്തികളുടെ പിന്തുണയോടെയുള്ളതുമാണെന്ന് ഹസീന കുറ്റപ്പെടുത്തി. വിദ്യാർഥികൾ, തൊഴിലാളികൾ, ഡോക്ടർമാർ, അധ്യാപകർ തുടങ്ങിയവരുടെ സമാധാനപരമായ പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തിയെന്നും മാധ്യമപ്രവർത്തകർക്ക് നേരെ ഉപദ്രവമേൽക്കുന്നുവെന്നും അവർ ആരോപിച്ചു. അവാമി ലീഗ് നേതാക്കളുടെ വീടുകളും സ്ഥാപനങ്ങളും നൂറുകണക്കിന് നശിപ്പിച്ചത് യൂനുസിന്റെ സൈന്യത്തിന്റെ മേൽനോട്ടത്തിലാണെന്നും ഹസീന പറഞ്ഞു.

പ്രക്ഷോഭസമയത്ത് ആസൂത്രിത കൊലപാതകങ്ങൾക്ക് നേതൃത്വം നൽകിയെന്ന ആരോപണം പൂർണമായി നിഷേധിച്ച ഹസീന, ഒരു വിശ്വസനീയ തെളിവും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. നിഷ്പക്ഷമായ അന്താരാഷ്ട്ര ട്രിബ്യൂണലിൽ വിചാരണ നേരിടാൻ തയ്യാറാണെന്നും ഐസിസി പോലുള്ള കോടതി തന്നെ കുറ്റവിമുക്തയാക്കുമെന്ന് യൂനുസ് സർക്കാരിനറിയാമെന്നും അവർ ആവർത്തിച്ചു.

അക്രമം പ്രേരിപ്പിച്ചതിനും പ്രതിഷേധക്കാരെ കൊലപ്പെടുത്താൻ ഉത്തരവിട്ടതിനും വ്യാപക അതിക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടതിനുമാണ് ഐസിടി ഹസീനയെയും മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാനെയും വധശിക്ഷയ്ക്ക് വിധിച്ചത്. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ വന്ന വിധി ബംഗ്ലാദേശിലെ രാഷ്ട്രീയ സംഘർഷം രൂക്ഷമാക്കിയിരിക്കുകയാണ്.

More Stories from this section

family-dental
witywide