
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കുമാണ് കേസ്.
ഷൈനിനെതിരെ എന്‍ഡിപിഎസ് (നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) ആക്ടിലെ 27, 29 വകുപ്പുകള്‍ പ്രകാരം കേസെടുത്തു എന്നാണ് വിവരം. ഷൈന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ ഡാന്‍സാഫ് അന്വേഷിച്ചെത്തിയ ലഹരിമരുന്ന് ഇടപാടുകാരനെ അറിയാമെന്നു ഷൈന്‍ പൊലീസിനു മൊഴി നല്‍കിയെന്നാണു സൂചന. അതേസമയം, ഹോട്ടലില്‍ എത്തിയത് പൊലീസ് ആണെന്ന് മനസിലായില്ലെന്നും ആരോ ആക്രമിക്കാന്‍ വന്നതാണെന്ന് കരുതിയാണ് ജനാല വഴി ഓടിയത് എന്നുമാണ് ഷൈന്‍ പൊലീസിനു നല്‍കിയ മൊഴി.
ഹോട്ടലില്‍ ബുധനാഴ്ച രാത്രി പൊലീസും ഡാന്‍സാഫ് സംഘവും പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഷൈന്‍ ഇറങ്ങിയോടിയിരുന്നു. തുടര്‍ന്ന് പൊലീസ് ഷൈനിനെ ചോദ്യംചെയ്യാന്‍ ഇന്നു വിളിപ്പിക്കുകയായിരുന്നു.
നാലു മണിക്കൂറോളം ചോദ്യം ചെയ്യല്‍ നടന്ന ശേഷമാണ് അറസ്റ്റുണ്ടായത്. ഷൈനിനെ വൈകാതെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിക്കും.