
നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ പ്രമോഷനോട് അനുബന്ധിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഷൈൻ ടോം ചാക്കോ മാപ്പ് പറഞ്ഞത്. ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിൻസി അലോഷ്യസിന്റെ പരാതി വൻ വിവാദം സൃഷ്ടിച്ചിരുന്നു.
എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്‍നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ഒന്നും മനപ്പൂർവ്വം ചെയ്‍തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണെന്നും ഷൈൻ പറഞ്ഞു. താൻ ആരാധിച്ച വ്യക്തിയിൽ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായത് കൊണ്ടാണ് പരാതിയുമായി എത്തിയത് എന്നും ഷൈനിന്റെ കുടുംബത്തെ വേദനപ്പെടുത്തിയതിൽ ദുഃഖമെന്നും വിൻസി വ്യക്തമാക്കി.
വിവാദങ്ങൾക്ക് ശേഷം നടൻ ഷൈൻ ടോം ചാക്കോയും നടി വിൻസി അലോഷ്യസും ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടിയാണ് ഇത്. ഇരുവരും പ്രശ്‍നങ്ങൾ പരസ്‍പരം പറഞ്ഞു തീർത്തെന്നും മാധ്യമങ്ങളോട് പറഞ്ഞു.