
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ തൊടുപുഴയിലെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. നടന്‍റെ കൂടി താത്പര്യം കണക്കിലെടുത്താണ് ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് എക്സൈസ് മാറ്റിയത്. എക്സൈസ് വാഹനത്തിൽ തന്നെയാണ് താരത്തെ തൊടുപുഴയിലെ കേന്ദ്രത്തിൽ എത്തിച്ചത്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും ലഹരിയിൽ നിന്ന് മോചനം നേടണമെന്നും നടൻ എക്സൈസിനോട് ആവശ്യപ്പെട്ടിരുന്നു. ലഹരിക്കേസിലെ ചോദ്യം ചെയ്യലിനിടെ എക്സൈസിനോട് താരം നല്ല രീതിയിലാണ് സഹകരിച്ചത്.
ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും മെത്താഫിറ്റമിൻ ആണ് ഉപയോഗിച്ചിട്ടുള്ളതെന്നും നടൻ എക്സൈസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ലഹരിയിൽ നിന്നുള്ള മോചനം വേണമെന്ന് ഷൈൻ ആവശ്യപ്പെട്ടത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് തൊടുപുഴയിലെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റിയത്. എക്സൈസ് വിമുക്തി പദ്ധതിയുടെ ഭാഗമായാണ് ഷൈനിനെ ലഹരി ചികിൽസ കേന്ദ്രത്തിൽ എത്തിച്ചത്. ലഹരി ചികിത്സയുടെ മേൽനോട്ടവും എക്സൈസ് തന്നെ നോക്കും.
അതേസമയം ലഹരിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ച മറ്റൊരു നടനായ ശ്രീനാഥ് ഭാസിയെ പൊലീസ് വിട്ടയച്ചു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി സിനിമ നടൻമാർക്ക് ബന്ധമില്ലെന്നും പൊലീസ് അറിയിച്ചു. നിലവിൽ ഇവർക്കെതിരെ തെളിവില്ലെന്നും ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി.