
കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ കപ്പൽ ചരിഞ്ഞ് കണ്ടെയ്‌നറുകൾ കടലിലേക്ക് വീണതായി റിപ്പോർട്ട്. കണ്ടെയ്നറുകളിൽ നിന്ന് അപകടകരമായ കാർഗോ കടലിൽ പതിച്ചിട്ടുണ്ടെന്നും, ജാഗ്രതപാലിക്കണമെന്നും കോസ്റ്റ് ഗാർഡ് നിർദേശം നകിയിട്ടുണ്ട്. MSC ELSA 3 എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. കപ്പൽ പൂർണമായും ചരിഞ്ഞാൽ വലിയ അപകടത്തിന് കാരമമാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
അപകടസ്ഥലത്ത് നാവികസേനയും എത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. കപ്പലിലുണ്ടായിരുന്ന ഒൻപത് പേർ രക്ഷാ ജാക്കറ്റുമായി കടലിലേക്ക് ചാടി. കപ്പലിൽ ആകെ 24 പേരാണ് ഉണ്ടായിരുന്നത്. 15 പ്രവർത്തകർക്കായുളള രക്ഷാപ്രവർത്തനം തുടരുകയാണ്. കേരള തീരത്ത് എവിടെ വേണമെങ്കിലും കാർഗോ വന്നെത്താൻ സാധ്യതയുണ്ടെന്നും, തൃശൂർ, കൊച്ചി, ആലപ്പുഴ തീരങ്ങളിൽ ഉള്ളവർ കൂടുതൽ ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മറൈൻ ഗ്യാസ് ഓയിൽ, വിഎൽഎസ്എഫ്ഒ, എന്നീ അപകടകാരികളാ വസ്തുക്കളാണ് കടലിൽ പതിച്ചതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കാർഗോ കേരളാ തീരത്ത് വന്നടിയാൻ സാധ്യത ഉണ്ടെന്നും, ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ അടുത്തേക്ക് പോകുകയോ തൊടുകയോ ചെയ്യരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ഇത്തരം വസ്തുക്കൾ ശ്രദ്ധയിൽ പെട്ടാൽ പൊലീസ് സ്റ്റേഷനിലോ 112 എന്ന നമ്പറിലോ അറിയിക്കണം. ചില പ്രദേശങ്ങളിൽ എണ്ണപ്പാട വന്നടിയാൻ സാധ്യതയുണ്ടെന്നും, ഈ കപ്പലിൽ നിന്ന് എണ്ണ ചോർച്ചയ്ക്ക് കാരണമാകാനും കരയിലേക്ക് ഒഴുകിപ്പോകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കണ്ടെയ്‌നറുകൾ ഒഴുകി നടക്കുന്നത് സംബന്ധിച്ച് കോസ്റ്റ് ഗാർഡാണ് സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിന് കൈമാറിയത്.