
ആതന്‍സ് : യെമനിലെ ഹൂതി വിമതരുടെ ആക്രമണത്തില്‍ ചെങ്കടലില്‍ മുങ്ങിയ ചരക്കുകപ്പല്‍ ഇറ്റേണിറ്റി സിയിലെ 14 പേര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുന്നു. അതിനിടെ ഇന്ത്യക്കാരനുള്‍പ്പെടെ 7 ജീവനക്കാരെ യൂറോപ്യന്‍ നാവികസേന രക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ചയാണ് കപ്പലിനു നേരെ ഹൂതി ഡ്രോണ്‍ ആക്രമണമുണ്ടായത്. ലൈബീരിയന്‍ പതാക വഹിക്കുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാരില്‍ 4 പേര്‍ കൊല്ലപ്പെട്ടിരുന്നു. ചൊവ്വാഴ്ചയും ഡ്രോണ്‍ ആക്രമണമുണ്ടായി. ഇതോടെ മറ്റു ജീവനക്കാര്‍ കപ്പലുപേക്ഷിച്ചു. ഇന്നലെയാണു കപ്പല്‍ മുങ്ങിയത്.
കപ്പല്‍ ആക്രമിച്ച് മുക്കിയതിന്റെ ഉത്തരവാദിത്വം ഹൂതികള്‍ ഏറ്റെടുത്തു. ജീവനക്കാരില്‍ ചിലരെ ഹൂതികള്‍ പിടിച്ചുകൊണ്ടുപോയെന്നും സംശയമുണ്ട്. ഏതാനും ദിവസങ്ങള്‍ക്കിടയില്‍ ഹൂതികള്‍ ആക്രമിക്കുന്ന രണ്ടാമത്തെ കപ്പലാണ് ഇറ്റേണിറ്റി സി. ഞായറാഴ്ച നടന്ന മറ്റൊരു ആക്രമണത്തില്‍ മാജിക് സീസ് എന്ന ഗ്രീക്ക് കപ്പലും തീപിടിച്ചു മുങ്ങിയിരുന്നു.