ഹൈന്ദവ സമൂഹത്തിനു നവോന്മേഷത്തിന്റെ പുത്തന്‍ നാളുകള്‍, നോര്‍ത്ത് കരോലിനയില്‍ മന്ത്രയുടെ ദ്വിതീയ ദേശീയ കണ്‍വെന്‍ഷന് ഇന്ന് തുടക്കം

നോര്‍ത്ത് കരോലിന: കാത്തിരിപ്പിന് വിരാമം കുറിച്ച് നോര്‍ത്ത് കരോലിനയില്‍ മന്ത്രയുടെ ദ്വിതീയ ദേശീയ കണ്‍വെന്‍ഷ (ശിവോഹം 2025 ) നു കൊടിയേറുന്നു. ജൂലൈ മൂന്നു മുതല്‍ 6 വരെയാണ് കണ്‍വെന്‍ഷന്‍.

അമേരിക്കയിലെ ഹൈന്ദവ സംഘടനാ പ്രവര്‍ത്തന പന്ഥാവില്‍ ജീവ ചൈതന്യം പ്രസരിക്കുന്ന മന്ത്ര ധ്വനികളുയര്‍ത്തി (മലയാളീ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദുസ്) ”മന്ത്ര” യുടെ പ്രവര്‍ത്തനങ്ങള്‍ സശക്തം മുന്നോട്ടു കുതിക്കുമ്പോള്‍ അതിന്റെ നാഴിക കല്ലായി തീരുന്ന മഹാ സമ്മേളനത്തിന് സാക്ഷ്യം വഹിക്കാന്‍ നോര്‍ത്ത് കരോലിന ഒരുങ്ങി കഴിഞ്ഞു.

പൂജ്യ സ്വാമിജി ചിദാനന്ദ പുരി മുഖ്യ അതിഥി ആകുന്ന കണ്‍വെന്‍ഷനില്‍, ശിവഗിരി മഠത്തില്‍ നിന്നും സ്വാമി വീരേശ്വരാനന്ദ, ബ്രഹ്‌മശ്രീ മനോജ് നമ്പൂതിരി, ഡോ. ശ്രീനാഥ് കാര്യാട്ട്, മോഹന്‍ജി, മണ്ണടി ഹരി എന്നിവര്‍ കണ്‍വെന്‍ഷനില്‍ എത്തുന്ന കുടുംബ അംഗങ്ങള്‍ക്ക് ജീവിതത്തിന്റെ ഉള്‍ക്കാഴ്ചകളിലേക്കു വെളിച്ചം വീശുന്ന പ്രഭാഷണ പരമ്പരകള്‍ ഒരുക്കും.

മലയാള ചലച്ചിത്ര സംഗീത പിന്നണി രംഗത്തെ അതികായന്‍ ഉണ്ണി മേനോന്റെ സാന്നിധ്യവും ഡോ. കലാമണ്ഡലം രചിതാ രവി (മോക്ഷ, മോഹിനിയാട്ടം സെഷന്‍), രഞ്ജനി സൈഗാള്‍ (വീരാംഗന:വനിതാ ഫോറം സെഷന്‍ ) വിവിധ നഗരങ്ങളില്‍ നിന്നും നാടക അവതരണം, ഫാഷന്‍ ഷോ, കള്‍ച്ചറല്‍ കോംപറ്റീഷന്‍ , സിനിമ, ചെണ്ടമേളം, കഥകളി, മെഗാ തിരുവാതിര തുടങ്ങി നിരവധി പരിപാടികള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

സമൂഹത്തിന്റെ ആത്മീയവും സാംസ്‌കാരികവും കലാപരവുമായ വിഭവങ്ങള്‍ കോര്‍ത്തിണക്കിയ മഹത്തായ ആഘോഷ ദിനങ്ങള്‍ക്ക് ശിവോഹം കണ്‍വെന്‍ഷന്‍ സാക്ഷ്യം വഹിക്കും. സംഘടനാ രംഗത്ത് ജനാധിപത്യത്തിന്റെ പുതു മാതൃകകള്‍ തീര്‍ത്തു മുന്നേറുകയാണ് മന്ത്ര . പൂര്‍ണ ഐക്യത്തോടെയും സമൂഹത്തിന്റെ നന്മ മാത്രം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെയും കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ അമേരിക്കന്‍ ഹൈന്ദവ സമൂഹം ഏറ്റെടുത്തു കഴിഞ്ഞ മന്ത്ര ഈ കണ്‍വെന്‍ഷനോട് കൂടി പുതിയ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കും.

താരതമ്യേന പുതിയ പ്രവാസി തലമുറ നിവസിക്കുന്ന നോര്‍ത്ത് കാരോലിനയില്‍ നടക്കുന്ന ഈ കണ്‍വെന്‍ഷന് ലഭിച്ച വര്‍ധിച്ച സ്വീകാര്യത സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിനു കരുത്തു പകരും എന്നു പ്രസിഡന്റ് ശ്യാം ശങ്കര്‍ അഭിപ്രായപ്പെട്ടു

More Stories from this section

family-dental
witywide