
തൃശൂര്‍: വീടിന് മുന്നില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. തനിക്ക് നേരെയുണ്ടായ ആക്രമണമാണിതെന്ന് ശോഭ പറയുന്നു. സംഭവത്തിന് പിന്നില്‍ ആരാണെങ്കിലും പുറത്തുകൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇന്നലെ രാത്രിയാണ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ പൊട്ടിത്തെറിയുണ്ടായത്. തൃശൂര്‍ അയ്യന്തോളിലെ വീടിന് മുന്നിലാണ് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ശോഭായുടെ വീടിന് എതിര്‍വശത്തുള്ള വീടിനു മുന്നിലെ സ്ലാബിലാണ് സ്‌ഫോകടവസ്തു പൊട്ടിത്തെറിച്ചത്. ഇത് പടക്കമോ മറ്റോ ആയിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രാത്രിയില്‍ തന്റെ വാഹനം പുറത്തേക്ക് പോയിരുന്നെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. വെള്ള കാര്‍ പോര്‍ച്ചില്‍ കിടക്കുന്ന വീടെന്നായിരിക്കാം അക്രമികള്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. അതുകൊണ്ടാവാം തന്റെ വീടിന് എതിര്‍വശത്തുള്ള വീടിന് നേരെ ആക്രമണം നടന്നതെന്നും ശോഭ സംശയിച്ചു.
ആരുടെ വീട് ലക്ഷ്യമിട്ടാണ് പടക്കമെറിഞ്ഞതെന്നടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. സംഭവ സ്ഥലത്തെത്തിയ കമ്മീഷണര്‍ ശോഭ സുരേന്ദ്രനുമായി സംസാരിച്ചു. സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു.
കശ്മീരില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവമെന്നും അവര്‍ പറഞ്ഞു. ബൈക്കിലെത്തിയ നാല് പേരാണ് ആക്രമണത്തിന് പിന്നിലെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.