​ഗർഭിണിയുടെ മുഖത്തടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍റെ ക്രൂരത, നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി മുഖ്യമന്ത്രി

കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ​ഗർഭിണിയെ പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്. നോർത്ത് എസ്എച്ച്ഒ ആയിരുന്ന പ്രതാപ ചന്ദ്രന്‍റെ ക്രൂരതയാണ് പുറത്തുവന്നത്. ഷൈമോൾ എൻ. ജെ എന്ന ഗർഭിണായിയ സ്ത്രീയെ മുഖത്തടിക്കുന്നതിന്‍റെയടക്കം ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്. ഷൈമോളെ നെഞ്ചത്ത് പിടിച്ചു തള്ളുന്നതും ദൃശ്യങ്ങളിലുണ്ട്. 2024 ൽ നോർത്ത് പൊലീസ് സ്റ്റേഷനിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പൊലീസ് കസ്റ്റഡിയിൽ എടുത്തയാളുടെ ഭാര്യയാണ് ഇവർ.

2024 ൽ തന്നെ മർദ്ദനമേറ്റ കാര്യം ഷൈമോൾ പുറംലോകത്തെ അറിയിച്ചിരുന്നു. അന്നുമുതൽ ഷൈമോൾ ദൃശ്യങ്ങൾക്ക് വേണ്ടിയുള്ള നിയമപോരാട്ടത്തിലായിരുന്നു. പിന്നീട് കോടതിയിൽ നിന്നാണ് ഷൈമോൾക്ക് ദൃശ്യങ്ങൾ ലഭിച്ചത്. വനിതാ പൊലീസുകാർ ഉൾപ്പെടെ നോക്കിനിൽക്കുമ്പോഴാണ് യുവതിക്ക് മർദ്ദനമേറ്റതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. നിലവിൽ അടൂരിലാണ് പ്രതാപ ചന്ദ്രൻ ജോലി ചെയ്യുന്നത്.

അതേസമയം പൊലീസ് മർദ്ദനത്തിന്‍റെ ദൃശ്യം പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിൽ അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തമായി റിപ്പോർട്ട് നൽകാൻ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയോട് ഡി ജി പി ആവശ്യപ്പെടുകയും ചെയ്തു. എസ് എച്ച് ഒക്കെതിരെ നടപടി ഉണ്ടായേക്കും. നിലവിൽ അരൂർ എസ്എച്ച്ഒ ആയി ജോലിചെയ്യുന്ന പ്രതാപ ചന്ദ്രനെതിരെ വലിയ തോതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

More Stories from this section

family-dental
witywide