കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്, ‘കൊടി സുനിയും സംഘവും ജയിലിനുള്ളിൽ ലഹരി മരുന്ന് കടത്തും വിൽപനയും നടത്തുന്നു, ജയിലിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു’

കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലുള്ള ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയും സംഘവും ജയിലിനകത്ത് ലഹരിമരുന്ന് കടത്തി വിൽപന നടത്തുന്നതായി ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. ഇടപാടുകൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നുവെന്നും ഇത് ജയിൽ നടത്തിപ്പിനെ ബാധിക്കുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 5ന് തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.

കൊടി സുനി, കിർമാണി മനോജ്, ബ്രിട്ടോ എന്നിവർ ചേർന്നാണ് ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് രഹസ്യ വിവരത്തെ ഉദ്ധരിച്ച് കത്തിൽ പറയുന്നു. പത്ത് കൂട്ടുപ്രതികളും ഇതേ ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ അച്ചടക്കലംഘനവും ജയിൽ വിരുദ്ധ പ്രവർത്തനങ്ങളും തുടരുന്നത് ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് സൂപ്രണ്ട് മുന്നറിയിപ്പ് നൽകി. നേരത്തെ അവധിയിൽ പുറത്തിറങ്ങിയ കൊടി സുനി വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് അറസ്റ്റിലായി ജയിലിലെത്തിയിരുന്നു.

ടി.പി. വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം വിവാദമായി ഉപേക്ഷിച്ച പശ്ചാത്തലത്തിലാണ് ജയിലിനകത്തെ ക്രിമിനൽ പ്രവർത്തനങ്ങൾ വെളിച്ചത്തുവന്നത്. പ്രതികളെ പുറത്തുവിടാനുള്ള സാധ്യത വീണ്ടും ആരാഞ്ഞതിന് പിന്നാലെയാണ് സൂപ്രണ്ടിന്റെ കത്ത് പുറത്തുവന്നത്. കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

More Stories from this section

family-dental
witywide