
കോട്ടയം : വിദ്വേഷ പരാമര്‍ശങ്ങള്‍ തുടരുന്ന ബിജെപി നേതാവ് പിസി ജോര്‍ജ്ജിന് പിന്തുണയുമായി മകനും, ബി ജെ പി നേതാവുമായ അഡ്വ. ഷോണ്‍ ജോര്‍ജ്. പിസി ജോര്‍ജിന്റെ നാവ് ആര്‍ക്കു വേണ്ടിയും പൂട്ടിക്കെട്ടി പൊലീസിന്റെ കൈയില്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഷോണ്‍ ജോര്‍ജിന്റെ പറഞ്ഞത്.
പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം എന്ന് പേരില്‍ പറയുന്നത് അദ്ദേഹത്തിന്റെ മുന്നില്‍ വരുന്ന തെറ്റുകളും, കുറ്റങ്ങളും ചൂണ്ടിക്കാട്ടലാണെന്നും ഷോണ്‍. ചില സംഘടനകള്‍ക്കെതിരെ പ്രതികരിച്ചാല്‍ ഉടനെ കേസെടുക്കുന്ന നിലപാട് പൊലീസ് തുടര്‍ന്നാല്‍ അതിനെ നിയമപരമായും, രാഷ്ട്രീയപരമായും നേരിടാനാണ് തീരുമാനമെന്നും ഒന്നും മിണ്ടാതെ ഇരിക്കാന്‍ ഇത് അഫ്ഗാനോ പാകിസ്ഥാനോ അല്ല,
ജനാധിപത്യപരമായ എല്ലാ അവകാശങ്ങളും ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ എല്ലാവര്‍ക്കും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ വിവാഹം എന്ന പേരില്‍ നടത്തുന്നത് പരിവര്‍ത്തനം ആണെന്നും ലൗ ജിഹാദിന്റെ പേരില്‍ 400 അല്ല അതിലധികം കണക്കുകളുണ്ടെന്നും ഷോണ്‍ പറഞ്ഞു. ബന്ധപ്പെട്ട അധികൃതര്‍ ആവശ്യപ്പെട്ടാല്‍ കണക്കായി തന്നെ ഈ വിവരങ്ങള്‍ നല്‍കുമെന്നും ലൗജിഹാദുമായി ബന്ധപ്പെട്ട 28 ജഡ്ജ്‌മെന്റുകള്‍ ഉണ്ട് എന്നതിനാലാണ് പ്രതികരിക്കുന്നതെന്നും ഷോണ്‍ ചൂണ്ടിക്കാട്ടി.