
ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റി കാറ്ററിംഗ് ഹാളിൽ നടന്ന സ്വീറ്റ് 16 പാർട്ടിക്കിടെയുണ്ടായ വെടിവയ്പ്പിൽ ആറ് കൗമാരക്കാർക്ക് പരിക്കേറ്റതായി ന്യൂയോർക്ക് സിറ്റി പൊലീസിനെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച പുലർച്ചെ സൈപ്രസ് ഹിൽസിലെ 2929 അറ്റ്ലാന്റിക് അവന്യൂവിലുള്ള ബർബുജ ഇവന്റ്സിലാണ് സംഭവം നടന്നത്. എന്നാൽ, വേദിക്കുള്ളിൽ വെടിവയ്പ്പുകളൊന്നും ഉണ്ടായിട്ടില്ലെന്നും പരിപാടിക്കുശേഷമായിരുന്നു സംഭവമെന്നും ഇവന്റ്സ് മാനേജ്മെന്റ് പറഞ്ഞു.
സൈപ്രസ് ഹിൽസ് പ്രദേശത്തുള്ള ഒരു വേദിയിൽ ജന്മദിന പാർട്ടി അവസാനിച്ച് ഏകദേശം 20 മിനിറ്റിനുശേഷം ഞായറാഴ്ച പുലർച്ചെ 1 മണിക്കാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുലർച്ചെ 1:15 ഓടെ സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. പൊലീസ് എത്തിയപ്പോഴേക്കും വെടിയുതിർത്ത രണ്ടുപേർ രക്ഷപെട്ടിരുന്നു. പരുക്കേറ്റ ആറു കൌമാരക്കാരേയും പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.
15 വയസ്സുള്ള രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, 16 വയസ്സുള്ള രണ്ട് ആൺകുട്ടികൾ, 17 വയസ്സുള്ള ഒരു ആൺകുട്ടി എന്നിവർക്കാണ് വെടിയേറ്റത്. ഇവരുടെ നില തൃപ്തികരമാണ്. ഇരകളിൽ നാലുപേരെ ബ്രൂക്ക്ഡെയ്ൽ ആശുപത്രിയിലും ബാക്കിയുള്ള രണ്ടുപേരെ കിംഗ്സ് കൗണ്ടി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
അതേസമയം, മുഖമൂടികളും ഇരുണ്ട വസ്ത്രങ്ങളും ധരിച്ച് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ട രണ്ടുപേർക്കായുള്ള തിരച്ചിലിലാണ് പൊലീസ്.
Shooting at birthday party in Brooklyn: Six teenagers shot, police intensify search for two gunmen.















