
ഡാളസ്: ഡാളസിലെ വില്‍മര്‍-ഹച്ചിന്‍സ് ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വെടിവയ്പ്പില്‍ നാലു വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റതായി പൊലീസ് റിപ്പോര്‍ട്ട് ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. വെടിയുതിര്‍ത്തത ശേഷം അക്രമി രക്ഷപെട്ടെന്നും തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഇരകളെ ഓക്ക് ക്ലിഫിലെ ബെയ്ലര്‍ സ്‌കോട്ട് & വൈറ്റ് ഹെല്‍ത്ത്, പാര്‍ക്ക്ലാന്‍ഡ്, മെത്തഡിസ്റ്റ് ഹോസ്പിറ്റല്‍ ഡാളസ് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി. ഇരകളില്‍ മൂന്ന് പേര്‍ 15 നും 18 നും ഇടയില്‍ പ്രായമുള്ളവരാണെന്നും മറ്റൊരാളുടെ പ്രായം കൃത്യമായി അറിയില്ലെന്നും ഡാളസ് ഫയര്‍ റെസ്‌ക്യൂ ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.
മുന്‍കരുതലിന്റെ ഭാഗമായി സ്‌കൂള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. ഏകദേശം 1,000 വിദ്യാര്‍ത്ഥികളാണ് ഇവിടെയുള്ളത്. ചൊവ്വാഴ്ച സ്‌കൂളില്‍ ഏകദേശം 900 വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. സ്‌കൂള്‍ ഇപ്പോള്‍ സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് ഡാളസ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്റ്റ് (DISD) അറിയിച്ചു.
5500 ലാങ്ഡണ്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന വില്‍മര്‍-ഹച്ചിന്‍സ് ഹൈസ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ ഏഴ് വെടിയൊച്ചകള്‍ കേട്ടതായി ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സ്‌കൂള്‍ വളഞ്ഞ ഇഎംഎസും ഡാളസ് പൊലീസും എടിഎഫ് ഏജന്റുമാരും സ്‌കൂളിന്റെ സുരക്ഷ ഏറ്റെടുത്തു. രണ്ട് വർഷത്തിനിടെ സ്കൂളിൽ തോക്ക് ആക്രമണം നേരിടുന്നത് ഇത് രണ്ടാം തവണയാണ്.