മിന്റ് ഹിൽ (നോർത്ത് കരോലിന): നോർത്ത് കരോലിനയിലെ ഷാർലറ്റ് നഗരത്തിന്റെ പ്രാന്തപ്രദേശമായ മിന്റ് ഹില്ലിൽ ഒരു കുട്ടിയുടെ കസ്റ്റഡി കൈമാറ്റത്തിനിടെയുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 10.45ഓടെയായിരുന്നു സംഭവം. പ്രദേശത്തെ ഒരു എഡിബിൾ അറേഞ്ച്മെന്റ് സ്റ്റോറിന് സമീപം കസ്റ്റഡി കൈമാറ്റത്തിനായി മിന്റ് ഹിൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഇതിനിടെ ഒരാൾ പെട്ടെന്ന് തോക്ക് പുറത്തെടുത്ത് പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസും തിരികെ വെടിവെപ്പ് നടത്തി. വെടിവെപ്പിൽ ആൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.
വെടിവെപ്പിൽ പരിക്കേറ്റ രണ്ട് മിന്റ് ഹിൽ പൊലീസ് ഉദ്യോഗസ്ഥരും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണെന്ന് പൊലീസ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. അടുത്തുള്ള എംപയർ പിസ എന്ന സ്ഥാപനത്തിലെ ജീവനക്കാർ ഇടയിൽ ബ്രേക്കിനായി പുറത്ത് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ഇവർ സംഭവത്തിന് സാക്ഷികളാണെന്ന് മാനേജർ കെവിൻ ഫെയ്മെ പറഞ്ഞു.
രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കടയ്ക്കുള്ളിലേക്ക് പോകുന്നതും പിന്നീട് കൈകളിൽ രക്തം പുരണ്ട നിലയിൽ ഒരാൾ മറ്റൊരാളെ പുറത്തേക്ക് നയിക്കുന്നതും കണ്ടതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഏകദേശം 27,000 പേരടങ്ങുന്ന മിന്റ് ഹിൽ പ്രദേശം ഷാർലറ്റ് നഗരത്തിൽ നിന്ന് ഏകദേശം 12 മൈൽ (19 കിലോമീറ്റർ) കിഴക്കായാണ് സ്ഥിതിചെയ്യുന്നത്.
Shooting During Custody Exchange in North Carolina; One dead, 2 police officers injured










