
ഒട്ടാവ: സ്വന്തമായി പുതിയൊരു രാജ്യം തന്നെ കെട്ടിപ്പടുക്കാനും പഞ്ചാബ് ഇന്ത്യയില്‍ നിന്ന് വേര്‍പിരിയണോ എന്ന ചോദ്യം ഉയര്‍ത്തിയും ഖലിസ്ഥാന്‍ അനുകൂലികള്‍ ഞായറാഴ്ച ഒട്ടാവയില്‍ വോട്ടെടുപ്പ് (ജനഹിത പരിശോധന) നടത്തിയെന്ന് റിപ്പോര്‍ട്ട്. മരവിപ്പിക്കുന്ന താപനിലയിലും മഞ്ഞുവീഴ്ചയുള്ള കാലാവസ്ഥയിലും മഞ്ഞ ഖലിസ്ഥാന്‍ പതാകകള്‍ വഹിച്ചുകൊണ്ട് ആയിരക്കണക്കിന് കനേഡിയന്‍ സിഖുകാര്‍ വോട്ടെടുപ്പിനായി മണിക്കൂറുകളോളം ക്യൂ നിന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്.
യുഎപിഎ പ്രകാരം ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്ന സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) എന്ന ഖലിസ്ഥാന്‍ അനുകൂല സംഘടനയാണ് വോട്ടെടുപ്പ് സംഘടിപ്പിച്ചത്. നോണ്‍-ബൈന്‍ഡിംഗ് റഫറണ്ടം എന്നപേരിലുള്ള ജനഹിത പരിശോധനയില്‍ ‘ഖലിസ്ഥാന്‍’ എന്ന പേരില്‍ ഒരു പ്രത്യേക മാതൃരാജ്യം വേണോ എന്നും പഞ്ചാബ് ഇന്ത്യയില്‍ നിന്ന് വേര്‍പിരിയണോ എന്നും വോട്ട് ചെയ്യാന്‍ അവരോട് ആവശ്യപ്പെട്ടു. ഒന്റാറിയോ, ആല്‍ബെര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ, ക്യൂബെക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള 53,000-ത്തിലധികം കനേഡിയന്‍ സിഖുകാര്‍ വോട്ട് രേഖപ്പെടുത്താന്‍ രണ്ട് കിലോമീറ്റര്‍ ക്യൂ നിന്നതായി എസ്എഫ്‌ജെ അവകാശപ്പെട്ടു.
‘നവജാത ശിശുക്കള്‍ മുതല്‍ വാക്കര്‍ ഉപയോഗിക്കുന്ന മുതിര്‍ന്നവര്‍ വരെയുള്ളവരുമായി കുടുംബങ്ങള്‍ ദിവസം മുഴുവന്‍ വരിയില്‍ നിന്നുവെന്നും സിഖ്‌സ് ഫോര്‍ ജസ്റ്റിസ് അവകാശവാദം ഉന്നയിച്ചു. ഉച്ചകഴിഞ്ഞ് 3 മണിവരെയായിരുന്നു വോട്ടെടുപ്പ് എങ്കിലും അപ്പോഴും ആയിരക്കണക്കിന് ആളുകള്‍ വോട്ടുചെയ്യാന്‍ കാത്തിരിക്കുകയായിരുന്നു, അവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ വോട്ടെടുപ്പ് തുടര്‍ന്നു,’- എസ്എഫ്‌ജെ അവകാശപ്പെട്ടു.
ആല്‍ബെര്‍ട്ട ആസ്ഥാനമായുള്ള ‘മീഡിയ ബെസിര്‍ഗാന്‍’ എടുത്ത വീഡിയോകളില്‍ മക്‌നാബ് കമ്മ്യൂണിറ്റി സെന്ററില്‍ വോട്ടുചെയ്യാന്‍ സിഖുകാര്‍ ക്യൂ നില്‍ക്കുന്നത് കാണാം. ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച എസ്എഫ്‌ജെ ജനറല്‍ കൗണ്‍സല്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂണ്‍ ഒരു ഉപഗ്രഹ സന്ദേശ മാര്‍ഗത്തിലൂടെ വോട്ടര്‍മാരെ അഭിസംബോധന ചെയ്തു.
ഖാലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തുകയും ഇന്ത്യന്‍ പതാകയെ അപമാനിച്ചുകൊണ്ട് വോട്ടെടുപ്പ് അവസാനിപ്പിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.
Should Punjab separate from India? Khalistan holds referendum in Canada















