ഹോ…എത്ര മനോഹരം! ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ഭൂമിയുടെ അതിശയകരമായ ചിത്രങ്ങള്‍ പങ്കുവെച്ച് ശുഭാംഷു ശുക്ല

ന്യൂഡല്‍ഹി : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) എത്തിയ ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംഷു ശുക്ല, ബഹിരാകാശത്ത് നിന്ന് ഭൂമിയുടെ അതിശയകരമായ ചിത്രങ്ങള്‍ പങ്കുവെച്ചു.

ചിത്രങ്ങള്‍ ഇന്ത്യയിലും പുറത്തുമായി ദശലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചു. തന്റെ പുതിയ ചിത്രങ്ങളില്‍, ശുക്ല ഐഎസ്എസിന്റെ ഐക്കണിക് 7-ജാലകങ്ങളുള്ള കുപോള മൊഡ്യൂളിന്റെ അരികില്‍ ഇരിക്കുന്നതായി കാണാം. പശ്ചാത്തലത്തില്‍ വിശാലമായ നീല ഗ്രഹമായ ഭൂമിയും. ഈ കാഴ്ചകള്‍ നമ്മുടെ മാതൃ ഗ്രഹത്തിന്റെ സൗന്ദര്യത്തെ എടുത്തുകാണിക്കുന്നുവെന്നും അഭിമാനമെന്നും നിരവധിപേര്‍ പ്രതികരിച്ചു.

ആക്‌സിയം 4 ദൗത്യസംഘാംഗങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ആക്‌സിയം സ്പേസ് ആണ് പുറത്തുവിട്ടത്. ശുഭാംശു ശുക്ലയും സഹപ്രവര്‍ത്തകരും നിലയത്തില്‍ നിന്ന് പകര്‍ത്തിയ പുറംകാഴ്ചകളാണ് ആക്‌സിയം സ്‌പേസ് എക്സില്‍ പോസ്റ്റ് ചെയ്തത്.

ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായി ഐഎസ്എസില്‍ ശുക്ല എത്തിയത് ഇന്ത്യയുടെ ബഹിരാകാശ അഭിലാഷങ്ങള്‍ക്ക് ഒരു ചരിത്ര നാഴികക്കല്ലാണ്.

ശുഭാഷു ശുക്ലയുടെ ചരിത്ര ദൗത്യവും ഐ.എസ്.എസിലേക്കുള്ള വരവും
2025 ജൂണ്‍ 25 ന് നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ആരംഭിച്ചത്. 28 മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് ശേഷം, പരിചയസമ്പന്നരായ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്‌സണ്‍, പോളിഷ് ശാസ്ത്രജ്ഞനായ സ്ലാവോസ് ഉസ്നാന്‍സ്‌കി, ഹംഗേറിയന്‍ ബഹിരാകാശയാത്രിക ടിബോര്‍ കപു എന്നിവരടങ്ങുന്ന സംഘം ജൂണ്‍ 26 ന് ഐ.എസ്.എസില്‍ വിജയകരമായി ഡോക്ക് ചെയ്തു. 14 ദിവസത്തെ ദൗത്യത്തില്‍ നിരവധി ശാസ്ത്ര ഗവേഷണങ്ങള്‍ സംഘം നടത്തും.