
ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനെന്ന ചരിത്ര നേട്ടം ശുഭാംശു ശുക്ലക്ക് സ്വന്തം. ഇന്ത്യ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടക്കമുള്ള നാല് പേരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ എസ് എസ്) ഡോക്കിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. സംഘം ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചു. വൈകിട്ട് നാല് മണിക്ക് ശേഷമാണ് ഡ്രാഗണ്‍ പേടകം ഐ എസ് എസില്‍ ഡോക്ക് ചെയ്തത്. ആക്‌സിയം 4 ദൗത്യ സംഘാംഗങ്ങളെ നാസ നിലയത്തിലേക്ക് സ്വാഗതം ചെയ്തു.
ഇന്നലെയാണ് ശുഭാംശു ശുക്ല അടക്കം നാല് പേര്‍ ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. സ്പേസ് എക്‌സിന്‍റെ ‘ഗ്രേസ്’ ക്രൂ ഡ്രാഗണ്‍ പേടകത്തിലായിരുന്നു ഇവരുടെ യാത്ര. മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യ സംഘത്തിലുള്ള മറ്റംഗങ്ങള്‍. പെഗ്ഗിയാണ് ദൗത്യ കമാന്‍ഡര്‍. ദൗത്യം നയിക്കുന്ന മിഷന്‍ പൈലറ്റ് ശുഭാംശു ശുക്ലയാണ്.