വാഷിങ്ടൺ: അമേരിക്കയിൽ ആരംഭിച്ച അടച്ചുപൂട്ടൽ ഇതിനോടകം രാജ്യത്തുടനീളമുള്ള ഫെഡറൽ സേവനങ്ങളെയും ജീവനക്കാരെയും ഗുരുതരമായി ബാധിച്ചു. ബുധനാഴ്ച രാവിലെയാണ് അടച്ചുപൂട്ടൽ ആരംഭിച്ചത്. ലക്ഷക്കണക്കിന് ജീവനക്കാരുടെ ജോലി താൽക്കാലികമായി നിർത്തിവെച്ചപ്പോൾ, ഫണ്ടിംഗ് പുനഃസ്ഥാപിക്കുന്നതുവരെ ശമ്പളമില്ലാതെ ജോലിക്ക് ഹാജരാകാനും നിരവധി പേർ നിർബന്ധിതരായി.
അടച്ചുപൂട്ടൽ ഏറ്റവും രൂക്ഷമായി ബാധിച്ചത് പരിസ്ഥിതി സംരക്ഷണ ഏജൻസിയെയാണ് (EPA). 89% ജീവനക്കാരാണ് ഇവിടെ പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്. വിദ്യാഭ്യാസ വകുപ്പിൽ 87% ജീവനക്കാരെയും, വാണിജ്യ വകുപ്പിൽ 81% ജീവനക്കാരെയും, തൊഴിൽ വകുപ്പിൽ 76% ജീവനക്കാരെയും ജോലിയിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. ഭവന, നഗരവികസന വകുപ്പിലെ 71% ജീവനക്കാർക്കും ജോലി താത്കാലികമായി നഷ്ടമായി. നിരവധി പ്രധാന സർക്കാർ സേവനങ്ങൾ നിർത്തിവെച്ചത് പൊതുജനങ്ങളേയും ബാധിച്ചിട്ടുണ്ട്.
ആരോഗ്യ മേഖലയിൽ ചില മരുന്ന് വിതരണത്തേയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) ഗ്രാന്റുകൾ നൽകുന്നതും NIH ആശുപത്രിയിൽ പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നതും നിർത്താനും കാരണമായി.ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ തൊഴിൽ ഡാറ്റാ റിപ്പോർട്ടുകൾ, വാണിജ്യ വകുപ്പിൻ്റെ സെൻസസ് ബ്യൂറോയുടെ സർവേകളും പ്രതിമാസ റിപ്പോർട്ടുകളും ഉൾപ്പെടെയുള്ള മിക്ക പ്രവർത്തനങ്ങൾ, പുതിയ വിദ്യാഭ്യാസ ഗ്രാൻ്റുകൾ, സ്മോൾ ബിസിനസ്സ് അഡ്‌മിനിസ്ട്രേഷൻ പ്രവർത്തനം തുടങ്ങിയവയെല്ലാം നിർത്തിവെച്ചു. കോടതി നടപടികളേയും ബാധിച്ചിട്ടുണ്ട്.















